Site iconSite icon Janayugom Online

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോളുകള്‍. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 2017ലേതിനെക്കാള്‍ പോളിങ് ശതമാനം കുറവായിരുന്നു. എഎപി കൂടിയെത്തിയതോടെ സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടന്നത്. 

തുടര്‍ച്ചയായി ഏഴാം തവണയും ബിജെപിക്ക് അധികാരം നിലനിര്‍ത്താനായാല്‍ പശ്ചിമബംഗാളില്‍ ഇടതുമുന്നണി സ്ഥാപിച്ച റെക്കോ‍ഡിനൊപ്പമെത്താനാകും. രാവിലെ എട്ട് മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. 37 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടവും പ്രവചിക്കുന്നു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാരണത്താല്‍ വിമതസ്ഥാനാര്‍ത്ഥികളെ സ്വന്തം പാളയത്തില്‍തന്നെ നിലനിര്‍ത്താന്‍ ബിജെപി അക്ഷീണ പ്രയത്നം നടത്തിവരികയാണ്. 68 അംഗ നിയമസഭയിലേക്ക് നവംബര്‍ 12നാണ് തെരഞ്ഞെടുപ്പ് നടന്നത്. 

2017ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 30 പ്രവര്‍ത്തകരെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്ന് ഇന്നലെ പുറത്താക്കിയിരുന്നു.

Eng­lish Summary:Gujarat, Himachal vote count­ing today

You may also like this video

Exit mobile version