Site iconSite icon Janayugom Online

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ് മൂന്നാമതും അറസ്റ്റ് ചെയ്തു

തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ ശേഖരിച്ച പണം സാകേത് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രിയോടെ ഡല്‍ഹിയില്‍ നിന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് ഗോഖലെയെ അറസ്റ്റ് ചെയ്ത് ചില നിയമ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാൻ അഹമ്മദാബാദിലെത്തിച്ചതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചു. മോര്‍ബി പാലം തകര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിന്റെ ചെലവുകള്‍ വെളിപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് ഈമാസം ആറിനാണ് സൈബര്‍ ക്രൈം ബ്രാഞ്ച് ആദ്യമായി ഗോഖലെയെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ ഒന്നിനാണ് വിവരാവകാശ രേഖകള്‍ അനുസരിച്ച് മോദിയുടെ മോര്‍ബി സന്ദര്‍ശനത്തിന് 30 കോടി രൂപ ചെലവായെന്ന വാര്‍ത്ത ഗോഖലെ പങ്കുവച്ചത്.

ജാമ്യം കിട്ടി തൊട്ടുപിന്നാലെ ഡിസംബര്‍ എട്ടിനും പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇതേ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോര്‍ബി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. തന്റെ ആദ്യ അറസ്റ്റ് നിയമവിരുദ്ധമാണെന്ന സാകേതിന്റെ പരാതിയില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ ഗുജറാത്ത് പോലീസിനെതിരെ കേസെടുത്തിരുന്നു.
Eng­lish Sum­mery: Gujarat Police Arrests TMC’s Saket Gokhale for 3rd Time in a Month
You May Also Like This Video

Exit mobile version