Site iconSite icon Janayugom Online

ഗുജറാത്ത് നാളെ ബൂത്തിലേക്ക്

ഗുജറാത്തിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുക. 89 സീറ്റുകളിലേക്ക് നാളെയാണ് വോട്ടെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ അവസാന നാളുകളിൽ വമ്പൻ പ്രചാരണ പരിപാടികളാണ് ബിജെപി നടത്തിയത്. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുൽ ഗാന്ധിയും ഗുജറാത്തിൽ പ്രചാരണത്തിന് എത്തി. മല്ലികാർജുൻ ഖാർഗെ രണ്ടുദിവസം തെരഞ്ഞെടുപ്പ് റാലികൾ നടത്തിയത് ഒഴിച്ചാൽ വമ്പൻ റാലികൾ മാറ്റിനിർത്തിയുള്ള പ്രചാരണ രീതി ആയിരുന്നു കോൺഗ്രസ് സ്വീകരിച്ചത്. 

അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും വമ്പന്‍ പ്രചാരണമാണ് നടത്തിയത്. ഭഗവത് മന്നിന്റെ നേതൃത്വത്തിൽ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിന് എത്തിയിരുന്നു. അതിനിടെ, ബിജെപിക്ക് തിരിച്ചടിയായി നേതാവിന്റെ കൊഴിഞ്ഞുപോക്കും ഉണ്ടായി. പ്രമുഖ നേതാവും മുൻമന്ത്രിയുമായ ജയ നാരായൺ വ്യാസ് കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നു. 

182 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നാളെ ആദ്യ ഘട്ടവും ഡിസംബര്‍ അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. എട്ടിനാണ് വോട്ടെണ്ണൽ. ഭരണത്തുടർച്ച ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാൽ ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും ഭരണത്തിൽ തിരിച്ചെത്തുമെന്നുമാണ് കോൺഗ്രസ് അവകാശവാദം. അട്ടിമറി വിജയം സ്വപ്നം കണ്ടാണ് ആം ആദ്മിയും വലിയ പോരാട്ടം നടത്തുന്നത്.

Eng­lish Sum­ma­ry: Gujarat to booth tomorrow

You may also like this video

Exit mobile version