നേപ്പാളിലെ ജയിലിൽനിന്ന് തടവുചാടി ഇന്ത്യയിലേക്ക് കടന്ന ഗുജറാത്ത് സ്വദേശി അഹമ്മദാബാദിൽ പിടിയിലായി. അഹമ്മദാബാദിലെ തക്കർബാപ്പ നഗർ സ്വദേശിയായ ധർമേഷ് ചുനാരയെയാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ‘ജെൻ സി’ പ്രക്ഷോഭങ്ങൾക്കിടെയാണ് ഇയാൾ കാഠ്മണ്ഡുവിലെ ഭദ്ര ജയിലിൽനിന്ന് രക്ഷപ്പെട്ടത്. 2025 ജൂലൈയിൽ ബാങ്കോക്കിൽനിന്ന് നേപ്പാളിലെത്തിയ ധർമേഷിനെ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് നേപ്പാൾ അധികൃതർ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 13 കോടി രൂപ വിലമതിക്കുന്നതായിരുന്നു ഈ മയക്കുമരുന്ന് ശേഖരം. തുടർന്ന് ഇയാളെ ഭദ്ര ജയിലിൽ അടച്ചു. സെപ്റ്റംബറിൽ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട യുവാക്കളുടെ പ്രതിഷേധത്തിനിടെ സമരക്കാർ ജയിൽ ആക്രമിക്കുകയും ധർമേഷ് ഉൾപ്പെടെയുള്ള തടവുകാർ രക്ഷപ്പെടുകയുമായിരുന്നു.
ജയിൽ ചാടിയവരുടെ പട്ടിക നേപ്പാൾ സർക്കാർ പുറത്തുവിട്ടതിനെത്തുടർന്ന് സായുധ സീമാ ബൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് നടത്തിയ സാങ്കേതിക പരിശോധനകളിലൂടെയും രഹസ്യ വിവരങ്ങളിലൂടെയുമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തിയത്. ജയിൽ ചാടിയ ശേഷം സോനൗലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന ഇയാൾ അഹമ്മദാബാദിലെത്തുകയായിരുന്നു. പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി കസ്റ്റഡിയിൽ വാങ്ങിയതായി പൊലീസ് അറിയിച്ചു.

