Site iconSite icon Janayugom Online

ഗുകേഷ് വിജയവഴിയില്‍

ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് ചെസില്‍ ലോക ചാമ്പ്യൻ ഡി ഗുകേഷ് തിരിച്ചെത്തി. യാഗിസ് കാൻ എർഡോഗ്മസിനെതിരെ നടന്ന എൻഡ് ഗെയിം മാസ്റ്റർക്ലാസിലൂടെ ഗുകേഷ് വിജയം കണ്ടെത്തി. കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ്, വളരെ കൃത്യതയാർന്ന നീക്കങ്ങളിലൂടെ വിജയം ഉറപ്പാക്കി. ഇതോടെ പത്തിൽ അഞ്ച് പോയിന്റുകൾ എന്ന മാന്യമായ നിലയിലേക്ക് തന്റെ പോയിന്റ് പട്ടിക ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ ആധിപത്യം ഉറപ്പിക്കാന്‍ അവസാന മൂന്ന് റൗണ്ടുകളിൽ ഗുകേഷിന് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടി വരും. നിലവിലെ പോയിന്റ് നിലയിൽ നിന്ന് കിരീടത്തിനടുത്തേക്ക് എത്താൻ വരാനിരിക്കുന്ന മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ അനിവാര്യമാണ്.

10-ാം റൗണ്ടിൽ ഇന്ത്യയുടെ മുൻനിര താരം അർജുൻ എറിഗൈസിക്ക് പരാജയം. ജർമ്മനിയുടെ വിൻസെന്റ് കെയ്മറുമായി നടന്ന മത്സരത്തിലെ നിർണായക നിമിഷങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് അർജുൻ തോൽവി സമ്മതിച്ചത്. അതേസമയം, ഹാൻസ് മോക്ക് നീമാനുമായുള്ള പോരാട്ടത്തിൽ പ്രഗ്നാനന്ദ സമനിലയിൽ കുരുങ്ങി. കളിയുടെ ഒരു ഘട്ടത്തിലും ഇരുതാരങ്ങൾക്കും സങ്കീർണമായ നീക്കങ്ങൾക്കോ വിജയസാധ്യതകൾക്കോ ഉള്ള അവസരം ലഭിക്കാത്തതിനെത്തുടർന്നാണ് മത്സരം സമനിലയിൽ അവസാനിച്ചത്.

Exit mobile version