ഗൾഫ് യാത്രകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ കേരള മാരിടൈം ബോർഡ് വിഭാവനം ചെയ്യുന്ന യാത്രാക്കപ്പൽ പദ്ധതിയിൽ പ്രതീക്ഷയോടെ കൊച്ചിയും. സംസ്ഥാനത്തെ നാല് തുറമുഖങ്ങൾ കേന്ദ്രീകരിച്ച് പ്രാഥമികഘട്ട ചർച്ചകൾ നടക്കുന്ന പദ്ധതിയിൽ കൊച്ചിക്കും സാധ്യതയേറുന്നു. 27ന് നടക്കുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ അവസാന തീരുമാനമായേക്കും. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാന തുറമുഖം എന്നനിലയിൽ യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും മുന്നിലായതിനാൽ കൊച്ചിയിൽനിന്ന് സർവീസ് ആരംഭിക്കാൻ കപ്പൽ കമ്പനികൾ തയ്യാറാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെക്കൂടാതെ ചരക്കുനീക്കത്തിനുകൂടി സജ്ജമാക്കിയാൽ സർവീസ് ലാഭത്തിൽ നടത്താനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
കൊല്ലം, വിഴിഞ്ഞം, ബേപ്പുർ, അഴീക്കൽ തുറമുഖങ്ങളെയാണ് പ്രാഥമികഘട്ടത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. എന്നാൽ ഈ നാലു തുറമുഖങ്ങളെക്കാൾ സാധ്യത കൊച്ചിക്കാണ്. ഏഴു മുതൽ ഒമ്പത് മീറ്ററോളം ആഴമുള്ളതാണ് കൊച്ചി തുറമുഖം. വലിയ ആഡംബര കപ്പലുകൾ വരെ തടസംകൂടാതെ പ്രവേശിപ്പിക്കാനുള്ള സൗകര്യം കൊച്ചിയിലുണ്ട്. കൊല്ലം ഒഴികെ മറ്റിടങ്ങളിൽ ഈ സൗകര്യങ്ങളില്ല. കൊല്ലം തുറമുഖത്തിനും ഏഴു മീറ്റർ ആഴമുണ്ട്. വിഴിഞ്ഞത്തും അഴീക്കൽ, ബേപ്പൂര്‍ എന്നിവിടങ്ങളിലും മൂന്ന് മുതൽ നാല് മീറ്റർ വരെയേ ആഴമുള്ളൂ. ചെറിയ ബാർജുകൾക്കു മാത്രമേ ഈ പോർട്ടുകളിൽ അടുക്കാനാകൂ. മൂന്നു ദിവസത്തെ യാത്രയ്ക്ക് ബാർജുകൾ അനുയോജ്യമല്ല.
ഇന്ത്യൻ മഹാസമുദ്രത്തിലെ അന്താരാഷ്ട്ര കപ്പൽ ചാലിലെ പ്രതിബന്ധങ്ങളെ നേരിടാൻ ബാർജുകൾക്കാകില്ല. ക്രൂസ് കപ്പലുകൾ മാത്രമേ ഇത്തരം യാത്രകൾക്ക് അനുയോജ്യമാകുകയുള്ളൂ. ഈ നിലയിൽ 500 യാത്രക്കാരെയെങ്കിലും ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലുകളാകണം പദ്ധതിക്ക് ഉപയോഗിക്കുക. കൊച്ചിയിലും കൊല്ലത്തും മാത്രമേ ഇത്തരം കപ്പലുകൾക്ക് പ്രവേശിക്കാൻ സൗകര്യമുള്ളൂ. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കപ്പെടുമ്പോള്‍ ഗൾഫ് യാത്രാക്കപ്പൽ പദ്ധതിയിൽ കൊച്ചിക്ക് സാധ്യതയേറുന്നു.
English Summary:Gulf cruise ship is proving to be a possibility for Kochi port
You may also like this video