Site iconSite icon Janayugom Online

ഗുല്‍ഫിഷ ഫാത്തിമയ്ക്ക് ജയില്‍മോചനം

അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഗുല്‍ഫിഷ ഫാത്തിമയ്ക്ക് മോചനം. 2020‑ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഞ്ച് പ്രതികളിൽ നാല് പേരെ വിട്ടയക്കാൻ ഡൽഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ എന്നിവരെ മോചിതരാക്കാനാണ് കർക്കർദൂമ കോടതി ഉത്തരവിട്ടത്. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയിയാണ് ജാമ്യരേഖകൾ അംഗീകരിച്ച് റിലീസ് ഓർഡർ പുറപ്പെടുവിച്ചത്. ഇവർ ഹാജരാക്കിയ രേഖകളും ആൾജാമ്യവും ഡൽഹി പൊലീസ് പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് നടപടി.

ജാമ്യം ലഭിച്ച അഞ്ചാമത്തെ പ്രതിയായ ഷാദാബ് അഹമ്മദ് ജാമ്യരേഖകൾ ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാത്രിയോടെ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ എന്നിവര്‍ തിഹാര്‍ ജയിലില്‍ നിന്നും മോചിതരായി. ഗുല്‍ഫിഷയെ സ്വീകരിക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ ജയില്‍ കവാടത്തിലെത്തിയിരുന്നു. മന്‍ഡോലി ജയിലിലായിരുന്ന മുഹമ്മദ് സലീം ഖാനും രാത്രിയോടെ മോചിതനായി.
കർശനമായ 11 വ്യവസ്ഥകളോടെയായിരുന്നു സുപ്രീം കോടതി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യമായ തുകയ്ക്കുള്ള രണ്ട് പ്രാദേശിക ആൾജാമ്യവും നൽകണം. പൊതുയോഗങ്ങളിലോ റാലികളിലോ പങ്കെടുക്കാൻ പാടില്ല. പോസ്റ്ററുകൾ, ബാനറുകൾ, ലഘുലേഖകൾ എന്നിവ നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ പ്രചരിപ്പിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. 

Exit mobile version