കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ വെടിയുണ്ട ഇൻസാസ് തോക്കിലേതെന്ന് സ്ഥിരീകരിച്ചു. ഈ വിഭാഗത്തിലുള്ള തോക്ക് നേവി പരിശീലനത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും അവരുടെ തോക്കില്‍ നിന്നാണ് മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് വെടിയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല.
ഇന്‍സാസ് എന്ന ഇന്ത്യന്‍ നിര്‍മ്മിത തോക്ക് നേവിക്കു പുറമെ ഇതര സേനാവിഭാഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന വാദമാണ് നേവിക്കുള്ളത്. സംഭവ ദിവസം സമീപത്തു കൂടെ കടന്നുപോയ കപ്പലുകളില്‍ നിന്ന് വെടിയേറ്റതാവാന്‍ സാധ്യതയില്ലേ എന്ന മറുവാദവും നേവിക്കുണ്ട്. ഈ സാഹചര്യത്തില്‍ വെടിയുതിര്‍ത്ത തോക്ക് ഏതു വിഭാഗത്തിലേതെന്ന് കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത തുടരുകയാണ്.
അതിനിടെ ഐഎൻഎസ് ദ്രോണാചാര്യയിൽ ബാലിസ്റ്റിക് സംഘം പരിശോധന പൂർത്തിയാക്കി. അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങൾ രേഖാമൂലം കൈമാറിയതായി നേവി അധികൃതര്‍ വ്യക്തമാക്കി. 100 മുതൽ 400 മീറ്റർ വരെയാണ് ഇൻസാസ് തോക്കുകളുടെ റേഞ്ച്. വെടിയുതിർക്കുന്ന ആംഗിളിന് അനുസരിച്ച് റേഞ്ചിലും വ്യത്യാസമുണ്ടാകും.
കിഴക്കുവശത്ത് കൂടിയാണ് സെബാസ്റ്റ്യന് വെടിയേറ്റതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.ബോട്ടിന്റെ സഞ്ചാരപഥവും സെബാസ്റ്റ്യന്റെ മൊഴിയും പരിഗണിച്ചാണ് അന്വേഷണസംഘം നിഗമനത്തിൽ എത്തിയത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് ബാലിസ്റ്റിക് റിപ്പോർട്ട് കൂടി ലഭ്യമാകേണ്ടതുണ്ട്. വെടിവെപ്പ് പരിശീലനത്തിൽ ഉപയോഗിച്ച തോക്കുകൾ തിരകൾ എന്നിവ സംബന്ധിച്ച് അന്വേഷണസംഘം നേവിയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു.
English Summary: A fisherman was shot : gun firing from insas gun
You may also like this video