Site iconSite icon Janayugom Online

തോക്കുധാരികള്‍ ജയിലില്‍ നടത്തിയ വെടിവയ്പില്‍ തടവുകാര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു

jail attackjail attack

വടക്കൻ മെക്‌സിക്കൻ നഗരമായ സിയുഡാഡ് ജുവാരസിലെ ജയിലിൽ ഞായറാഴ്ച തോക്കുധാരികൾ നടത്തിയ ആക്രമണത്തില്‍ 14 പേർ കൊല്ലപ്പെട്ടു. 10 തടവുകാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. അക്രമങ്ങള്‍ക്കിടെ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ 24 തടവുകാര്‍ ജയിലില്‍ നിന്ന് കടന്നുകളഞ്ഞു. മെക്സിക്കന്‍ സമയം രാവിലെ ഏഴുമണിയോടെയായിരുന്നു ആക്രമണം. 

കവചിത വാഹനങ്ങളിലാണ് ആയുധധാരികള്‍ എത്തിയത്. പൊലീസ് ഇവരെ പിന്തുടര്‍ന്ന് നാലുപേരെ കസ്റ്റഡിയിലെടുത്തു. ഒരു വാഹനവും പിടിച്ചെടുത്തു. യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള മെക്സിക്കോയുടെ അതിർത്തിക്കടുത്തുള്ള ജയിലിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധധാരികൾ അടുത്തുള്ള ബൊളിവാർഡിലൂടെ മുനിസിപ്പൽ പൊലീസിന് നേരെയും ജയിലിന് പുറത്തുള്ള സുരക്ഷാ ഏജന്റുമാർക്ക് നേരെയും വെടിയുതിർത്തു. 

തടവുകാരുടെ ബന്ധുക്കൾ പുതുവത്സര സന്ദർശനത്തിനായി കോമ്പൗണ്ടിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. ജയിലിനകത്ത് ചില തടവുകാർ തീയിടുകയും ജയിൽ ഗാർഡുകളുമായി ഏറ്റുമുട്ടുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളിലെയും മയക്കുമരുന്ന് സംഘത്തിലെയും തടവുകാരെ പാര്‍പ്പിച്ചിരുന്ന പ്രത്യേക സെല്ലിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമകാരികളെക്കുറിച്ചോ ജയിലില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Gun­men open fire in prison; 14 peo­ple includ­ing pris­on­ers were killed

You may also like this video

Exit mobile version