Site iconSite icon Janayugom Online

റയലിനെ പുറത്താക്കി ഗണ്ണേഴ്സ് ; സമനിലയിലും ഇന്റര്‍ മിലാന്‍ സെമിയില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് പുറത്ത്. ആദ്യപാദത്തിലെ തോല്‍വിക്ക് പിന്നാലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വന്തം മൈതാനത്ത് തോല്‍വി നേരിട്ടതോടെ റയല്‍ സെമിഫൈനല്‍ കാണാതെ പുറത്തായി. ഇന്റര്‍ മിലാന്‍-ബയേണ്‍ മ്യൂണിക്ക് മത്സരം സമനിലയില്‍ കലാശിച്ചു. എ­ന്നാല്‍ ആദ്യപാദ ഗോളിന്റെ ബലത്തില്‍ ഇന്റര്‍ മിലാന്‍ സെമിഫൈനല്‍ ടിക്കറ്റെടുത്തു. ക്വാര്‍ട്ടര്‍ ഫൈ­നല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ സെമിഫൈനല്‍ ലൈനപ്പുമായി. 

സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഴ്സണലാണ് റയലിനെ തോല്പിച്ചത്. ഇരുപാദങ്ങളിലുമായി 5–1 അഗ്രിഗേറ്റ് സ്കോറിലാണ് ഗണ്ണേഴ്സ് സെമിഫൈനലില്‍ കടന്നത്. ആദ്യപാദത്തില്‍ ആഴ്സണല്‍ റയലിനെ 3–0ന് തോല്പിച്ചിരുന്നു. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം 65-ാം മിനിറ്റില്‍ ബുക്കായോ സാക്ക നേടിയ ഗോളില്‍ ആഴ്സണലാണ് ആദ്യം മുന്നിലെത്തിയത്. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ സമനില കണ്ടെത്തി. എന്നാല്‍ സെമിയിലേക്കെത്താന്‍ റയലിന് വമ്പന്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ റയലിനെ പിടിച്ചുകെട്ടാന്‍ ഗണ്ണേഴ്സിനായി.
93–ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും ലക്ഷ്യം കണ്ടതോടെ ആഴ്സണല്‍ ആധികാരികമായി സെമിയിലേക്കെത്തി. 16 വർഷങ്ങൾക്ക് ശേഷമാണ് ആഴ്സണൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ഈ മാസം 30ന് നടക്കുന്ന സെമിയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണ് ഗണ്ണേഴ്സിന്റെ എതിരാളികൾ.
ആവേശകരമായ ഇന്റര്‍ മിലാന്‍-ബയേണ്‍ മ്യൂണിക്ക് മത്സരത്തില്‍ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ഇന്ററിന്റെ തട്ടകമായ സാന്‍സീറോയില്‍ ബയേണാണ് ആദ്യം മുന്നിലെത്തിയത്. 52-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ലക്ഷ്യം കണ്ടു. എന്നാല്‍ 58-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസിലൂടെ ഇന്റര്‍ സമനിലപിടിച്ചു. 61-ാം മിനിറ്റിൽ ബെഞ്ചമിൻ പവാർഡിലൂടെ ഇന്റര്‍ സമനില കണ്ടെത്തിയെങ്കിലും 76-ാം മിനിറ്റില്‍ എറിക് ഡൈര്‍ ബയേണിന് സമനില ഗോള്‍ സമ്മാനിച്ചു. ആദ്യപാദത്തില്‍ 2–1ന് ഇന്റര്‍ വിജയം സ്വന്തമാക്കിയിരുന്നു. 

Exit mobile version