Site iconSite icon Janayugom Online

ഫുള്‍ഹാമിനെ വീഴ്ത്തി ഗണ്ണേഴ്സ് കുതിക്കുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ വിജയക്കുതിപ്പ് തുടരുന്നു. ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിന്റെ വിജയം. 37-ാം മിനിറ്റില്‍ മൈ­ക്കല്‍ മെറീനോയിലൂടെ ആഴ്സണലാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയില്‍ ഈ ഗോളിന്റെ ലീഡുമായി ആഴ്സണല്‍ മുന്നിട്ടുനിന്നു. 73-ാം മിനിറ്റില്‍ ബുക്കായോ സാക്ക ഗണ്ണേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 2–0ന്റെ വിജയം ആഴ്സണല്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇഞ്ചുറി സമയത്ത് റോഡ്രിഗോ മ്യൂണിസിലൂടെ ഫുള്‍ഹാം ഒരു ഗോള്‍ മടക്കി. 

30 മത്സരങ്ങളില്‍ നിന്ന് 17 വിജയത്തോടെ 60 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് ആഴ്സണല്‍. 70 പോയിന്റുമായി ബഹുദൂരം മുന്നിലുള്ള ലിവര്‍പൂളാണ് തലപ്പത്ത്. 45 പോയിന്റുള്ള ഫുള്‍ഹാം എട്ടാം സ്ഥാനക്കാരാണ്. മറ്റൊരു മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന് മുമ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങി. ഏകപക്ഷീയമായ ഒരു ഗോള്‍ജയമാണ് നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ആന്റണി എലാങ്ക വിജയഗോള്‍ നേടി. എലാങ്കയുടെ മികച്ച ഒരു സോളോ റൺ തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനായില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലൂടെ നീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ പോരായ്മകൾ അവരെ സമനില ഗോളിൽ നിന്ന് അകറ്റി. വിജയത്തോടെ നോട്ടിങ്ഹാം 57 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ്. 37 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 13-ാമതാണ്.

Exit mobile version