ഏകദിന ക്രിക്കറ്റില്‍ റെക്കോഡ് കുറിച്ച് അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുർബാസ്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ എട്ട് സെഞ്ചുറികൾ നേടുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. 22 വയസ് പ്രായമുള്ളപ്പോഴാണ് താരം ഈ വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കിയത് എന്ന സവിശേഷതയുമുണ്ട്. ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോലി, പാകിസ്ഥാന്‍ താരം ബാബര്‍ അസം എന്നിവരെ പിന്നിലാക്കിയാണ് ഗുര്‍ബാസിന്റെ സെഞ്ചുറി വേട്ട. മുന്നിലുള്ളത് 22 വർഷവും 312 ദിവസവും പ്രായമുള്ളപ്പോൾ എട്ടാം സെഞ്ചുറി കുറിച്ച ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡികോക്ക് മാത്രം.
എട്ടാം ഏകദിന സെഞ്ചുറിയിലെത്തുമ്പോള്‍ സച്ചിന് 22 വയസും 357 ദിവസവും പ്രായമുണ്ടായിരുന്നു. കോലി 23 വയസും 27 ദിവസവും പ്രായമുള്ളപ്പോഴും ബാബര്‍ അസം 23 വയസും 280 ദിവസവും പ്രായമുള്ളപ്പോഴുമാണ് എട്ട് ഏകദിന സെഞ്ചുറികളിലെത്തിയത്. അഫ്ഗാൻ താരങ്ങളിൽ കൂടുതൽ ഏകദിന സെഞ്ചുറികളും ഗുർബാസിന്റെ പേരിലാണ്. മുഹമ്മദ് ഷഹ്സാദാണ് തൊട്ടുപിന്നിൽ. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ 120 പന്തില്‍ നിന്ന് അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 101 റണ്‍സാണ് ഗുർബാസ് അടിച്ചെടുത്തത്. മത്സരത്തില്‍ വിജയിച്ച അഫ്ഗാൻ ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കി.