സിഖ് വിഘടനവാദി നേതാവ് ഗുരുപത്‌വന്ദ് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന നിഖില്‍ ഗുപ്തയുടെ കുടുംബത്തോട് ചെക് റിപ്പബ്ലിക്കിലെ കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി.
നിഖില്‍ ഗുപ്തയുടെ മത‑മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് കുടുംബം കോടതിയെ സമീപിച്ചത്. നിഖില്‍ ഗുപ്ത നിലവില്‍ പ്രാഗിലെ ജയിലിലാണ്. ഗുപ്തയെ അനധികൃതമായി ജയിലില്‍ അടച്ചിരിക്കുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും കുടുംബം കോടതിയില്‍ അറിയിച്ചു.
വിഷയം ഏറെ സൂക്ഷ്മതയോടെ പരിശോധിക്കേണ്ട ഒന്നാണെന്നും വിദേശ രാജ്യങ്ങളിലെ അറസ്റ്റ് സംബന്ധിച്ച് സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നും പരമോന്നത കോടതി അറിയിച്ചു. നിഖില്‍ ഗുപ്ത സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും നിയമലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അവിടുത്തെ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ അടുത്ത മാസം നാലിന് വീണ്ടും വാദം കേള്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് പരാതിയുടെ പകര്‍പ്പ് നല്‍കാനും കോടതി ആവശ്യപ്പെട്ടു.
യുഎസ് ഏജന്റുമാര്‍ എന്ന് സ്വയം പ്രഖ്യാപിച്ചവരാണ് അറസ്റ്റ് ചെയ്തതെന്നും ചെക്ക് അധികൃതരല്ലെന്നും അറസ്റ്റ് വാറണ്ട് നല്‍കിയിട്ടില്ലെന്നും പരാതിക്കാര്‍ വാദിച്ചു. ബീഫ്, പന്നിയിറച്ചി എന്നിവ നിര്‍ബന്ധപൂര്‍വം കഴിപ്പിക്കുന്നതായും ബന്ധുക്കള്‍ കോടതിയില്‍ പറഞ്ഞു.
English Summary: Gurpatwant Singh Pannu assassination attempt
You may also like this video
You may also like this video