ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണികളില്‍ നിന്നും സര്‍വീസ് റോഡ് പൂര്‍ത്തീകരണത്തില്‍ നിന്നും ദേശീയപാത അതോറിറ്റി ഒഴിവാക്കി. ഇത്തരം നിര്‍മാണങ്ങള്‍ക്ക് പുതിയ ടെന്റര്‍ വിളിച്ചു. ജില്ലാ കളക്ടര്‍മാരുടെ അന്ത്യശാസനത്തോടെ ദേശീയപാതയിലെ കുഴിയടയ്ക്കല്‍ യന്ത്ര സഹായത്തോടെ പുരോഗമിക്കുകയാണ്.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ദേശീയപാതയില്‍ കരാര്‍ കമ്പനി നടത്തുന്ന കുഴിയടയ്ക്കല്‍ പ്രഹസനമായി മാറുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോള്‍ഡ് മിക്‌സ് ടാറിംഗ് നടത്തിയ പാതയിലെ കുഴികളെല്ലാം വീണ്ടും പ്രത്യക്ഷപ്പെട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. കരാര്‍ കമ്പനിയുടെ തട്ടിക്കൂട്ട് ടാറിംഗിനെതിരെ ഹൈക്കോടതിയില്‍ ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു.
കുഴിയടയ്ക്കല്‍ 48 മണിക്കൂറിനകം കൃത്യമായി പൂര്‍ത്തിയാക്കണമെന്നാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ നല്‍കിയ അന്ത്യശാസനം. ഇതോടെ ഇന്ന് മുതല്‍ ഹോട്ട് മിക്‌സ് ടാറിംഗ് തുടങ്ങി. രണ്ട് റോഡ് റോളറുകളുപയോഗിച്ചാണ് ടാറിംഗ് പുരോഗമിക്കുന്നത്. കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന നിര്‍ദേശവും കളക്ടര്‍ മുന്നോട്ടുവച്ചിരുന്നു.
ചാലക്കുടി അടിപ്പാത നിര്‍മ്മാണം, പാതയുടെ അറ്റക്കുറ്റപ്പണികള്‍, സര്‍വീസ് റോഡുകളുടെ പൂര്‍ത്തീകരണം എന്നിവ കമ്പനി യഥാസമയം പൂര്‍ത്തിയാക്കാത്തതിനാല്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍എച്ച്എഐ തീരുമാനിച്ചിട്ടുണ്ട്. 21ന് ടെന്റര്‍ അംഗീകരിച്ചുനല്‍കും. ഇതിന്റെ ചിലവായി വരുന്ന 36 കോടിയോളം രൂപയും 25 ശതമാനം പിഴയും നിലവിലെ കരാര്‍ കമ്പനിയില്‍നിന്ന് ഈടാക്കും.
English summary; Guruvayur Infrastructure Pvt Ltd exempted from National Highway maintenance
You may also like this video;