Site iconSite icon Janayugom Online

ഗുവഹട്ടി കുടിയൊഴിപ്പിക്കല്‍: അര്‍ധനഗ്നരായി സ്ത്രീകളുടെ പ്രതിഷേധം

അസം തലസ്ഥനമായ ഗുവഹട്ടിക്ക് സമീപത്തെ സില്‍സാകോ തടാകക്കരയിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് രണ്ട് സ്ത്രീകള്‍ അര്‍ദ്ധ നഗ്നരായി പ്രതിഷേധിച്ചു. 

ഈമാസം ഒന്നാം തീയതി റവന്യൂ അധികൃതരും പൊലീസും നടത്തിയ കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ പൊലീസ് പ്രദേശവാസികളെയും പ്രതിഷേധക്കാരെയും മര്‍ദിച്ചതായി സമരക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് സമരക്കാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയാണ് സ്ത്രീകള്‍ അര്‍ധ നഗ്നരായി പ്രതിഷേധിച്ചത്. 

കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരെ കൃഷക് മുക്തി സംഗ്രാം സമിതി ഏറെനാളായി സമര രംഗത്താണ്. വര്‍ഷങ്ങളായി താമസിക്കുകയും ഉപജീവനം നടത്തുകയും ചെയ്യുന്ന പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു. തടാകക്കര പരിസ്ഥിതിലോല മേഖലയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാരിന് പ്രഖ്യാപിക്കാമായിരുന്നുവെന്നും ഇപ്പോള്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന താമസക്കരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും സമരക്കാര്‍ അറിയിച്ചു. ഇതിനിടെ കുടിയൊഴിപ്പിക്കല്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് ഹിമന്ത ബിശ്വശര്‍മ്മ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തടാകക്കരയില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം എതിര്‍ക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. 

Eng­lish Summary:Guwahati evic­tion: Half-naked women protest
You may also like this video

Exit mobile version