വ്യക്തികളെ വിദേശികളെന്ന് മുദ്രകുത്തിക്കൊണ്ടുള്ള ഫോറിനേഴ്സ് ട്രൈബ്യൂണലുകളുടെ വിധികള്‍ ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കി.ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഹൈക്കോടതി റദ്ദാക്കിയത് നിരവധി ഉത്തരവുകളാണെന്ന് ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ദ ലീഫ്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ കേസുകളിലെല്ലാം ട്രൈബ്യൂണലുകള്‍ വിധി പുറപ്പെടുവിച്ചത് കൃത്യമായ തെളിവുകളില്ലാതെയും ശരിയായ നടപടികള്‍ പാലിക്കാതെയുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഹൈക്കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദ ലീഫ്‌ലെറ്റ് ട്രൈബ്യൂണലുകളുടെ തെറ്റായ സമീപനങ്ങള്‍ വ്യക്തമാക്കുന്നത്. തേയിലത്തോട്ടം തൊഴിലാളിയായ സുഖ്ദേവ് റീയെ 2016ല്‍ എക്സ് പാര്‍ട്ടി ഉത്തരവിലൂടെയാണ് വിദേശിയായി ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചത്. എഴുതി തയാറാക്കിയ പ്രസ്താവനയുള്‍പ്പെടെ സുഖ്ദേവ് നല്‍കിയിരുന്നെങ്കിലും, അസുഖബാധിതനായതിനാല്‍ വിചാരണവേളയില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു. പിന്നീട് തടങ്കൽ ക്യാമ്പില്‍ മൂന്ന് വര്‍ഷക്കാലമാണ് സുഖ്ദേവിന് കഴിയേണ്ടിവന്നത്.രാജേന്ദ്ര ദാസ്, ഭാര്യ രേണുബല ദാസ്, മൂന്ന് കുട്ടികള്‍ എന്നിവരെയും സമാനരീതിയിലാണ് 2018ല്‍ വിദേശികളായി പ്രഖ്യാപിച്ചിരുന്നത്. പുഷ്പ റാണി ധര്‍ എന്ന സ്ത്രീയ്ക്ക് ആദ്യം ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ നോട്ടീസ് ലഭിച്ചത് 2000ത്തിലാണ്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ദുരിതങ്ങള്‍ക്കും നിയമനടപടികള്‍ക്കും ശേഷം 2017ല്‍ ഇവരെ വിദേശിയായി ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചു. പുഷ്പ റാണിയുടെയും റയില്‍വേ ജീവനക്കാരനായിരുന്ന ഭര്‍ത്താവിന്റെയും ജനനത്തീയതി ഉള്‍പ്പെടെ രേഖപ്പെടുത്തിക്കൊണ്ടുള്ള റയില്‍വേയുടെ സര്‍ട്ടിഫിക്കറ്റ് പോലും പരിഗണിക്കാതെയാണ് ട്രൈബ്യൂണലിന്റെ വിധിയുണ്ടായത്.
2017ല്‍ ജണ്ഡു ദാസ് എന്നയാള്‍ക്കെതിരെയുണ്ടായ ട്രൈബ്യൂണല്‍ വിധിയും ഏകപക്ഷീയമായ ഉത്തരവായിരുന്നു. നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും അത് അംഗീകരിക്കാതെയായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. 2017ല്‍ ഗിയാസ് ഉദ്ദിന്‍ എന്ന വ്യക്തിയെ വിദേശിയായി പ്രഖ്യാപിച്ചത്, പൗരത്വം തെളിയിക്കാന്‍ നല്‍കിയ നിരവധി രേഖകള്‍ അവഗണിച്ചായിരുന്നു. റസിഡന്റ് സര്‍ട്ടിഫിക്കറ്റ്, പ്രൈമറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, മുത്തച്ഛന്റെ പേരുള്ള 1965ലെ വോട്ടേഴ്സ് ലിസ്റ്റ്, അച്ഛന്റെ പേരുള്ള 1970ലെ വോട്ടേഴ്സ് ലിസ്റ്റ്, സഹോദരിയെ ഇന്ത്യന്‍ പൗരയായി അംഗീകരിച്ചുകൊണ്ടുള്ള ഒരു ട്രൈബ്യൂണലിന്റെ ഉത്തരവ് തുടങ്ങിയ പത്തോളം രേഖകള്‍ നല്‍കിയിട്ടും ഇദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം അംഗീകരിക്കാന്‍ ട്രൈബ്യൂണല്‍ തയാറായില്ല.
ഫോറിനേഴ്സ് ട്രൈബ്യൂണലുകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നതുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഇത്രയും നീതിരഹിതമായ ഉത്തരവുകള്‍ ഉണ്ടാകുന്നതിന് വഴിവയ്ക്കുന്നതെന്ന് വ്യക്തം. പത്തോളം രേഖകള്‍ ഹാജരാക്കിയിട്ടും വിദേശിയായി മുദ്രകുത്തപ്പെടുന്നത്, രേഖകള്‍ അധികമൊന്നും കയ്യിലില്ലാത്ത പാവപ്പെട്ടവരും നിരക്ഷരരുമായ നിരവധി പേര്‍ക്ക് വരാന്‍പോകുന്ന ദുഃസ്ഥിതിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രകൃതിദുരന്തങ്ങളില്‍ പെട്ട് സ്വന്തമായതെല്ലാം നഷ്ടമാകുന്ന ഗ്രാമീണരുടെ പൗരത്വവും ഇതുപോലെ ചോദ്യചിഹ്നമായേക്കാം. ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകാന്‍ സാധിക്കാത്ത, ദിവസക്കൂലിക്കാരായ കര്‍ഷകരും തൊഴിലാളികളും മറ്റുമാണ് എക്സ് പാര്‍ട്ടി ഉത്തരവുകളാല്‍ ഒരു നിമിഷം കൊണ്ട് വിദേശികളായി മാറുന്നതെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
english summary;Guwahati High Court quashes tribunal verdicts labeling individuals as foreigners
you may also like this video;