Site iconSite icon Janayugom Online

ഗ്യാന്‍വാപി മസ്ജിദ് കേസ് :അഞ്ച് ഹര്‍ജിക്കാരിലൊരാള്‍ പിന്മാറി

ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ നിന്നും പിന്മാറി ഹിന്ദുപക്ഷത്ത് നിന്നുള്ള ഹരജിക്കാരന്‍.വിശ്വ വേദിക് സനാതന്‍ സംഘിന്റെ നേതാവായ ജിതേന്ദ്ര സിങ് വിസെന്‍ എന്ന ഹരജിക്കാരനാണ് അധിക്ഷേപം നേരിടുന്നുവെന്ന് പറഞ്ഞ് കേസില്‍ നിന്നും പിന്മാറിയത്. ഇയാളുടെ അഭിഭാഷകനും കേസില്‍ നിന്നും പിന്മാറി. 

രാജ്യത്തിന്റേയും മതത്തിന്റെയും താല്‍പര്യത്തിന് വേണ്ടി വിവിധ കോടതികളില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ഞാനും എന്റെ ഭാര്യ കിരണ്‍ സിങ്ങും മരുമകള്‍ രാഖി സിങ്ങും നല്‍കിയ ഹരജികള്‍ പിന്‍വലിക്കുകയാണ്,കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ജിതേന്ദ്ര സിങ് പറഞ്ഞു.തങ്ങള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്‍പ്പെടെ അധിക്ഷേപങ്ങള്‍ നേരിടുകയാണെന്നും അപമാനിതനായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഈ ധര്‍മയുദ്ധം നടത്താനുള്ള ശക്തി എനിക്കില്ല. അതിനാലാണ് പിന്മാറുന്നത്. ഈ ‘ധര്‍മയുദ്ധം’ ആരംഭിച്ചതായിരിക്കാം എന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. മതത്തിന്റെ പേരില്‍ ഗിമ്മിക്കുകള്‍ കാണിച്ച് വഴി തെറ്റിക്കുന്നവര്‍ക്കൊപ്പമാണ് ഈ സമൂഹം,ജിതേന്ദ്ര സിങ് പറഞ്ഞു.

ഗ്യാന്‍വാപി പള്ളിയിലെ ഹൈന്ദവ ദേവതകളുടെ രൂപങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി നല്‍കിയവരില്‍ ഒരാള്‍ ജിതേന്ദ്ര സിങ്ങിന്റെ അനന്തിരവള്‍ രാഖി സിങ്ങായിരുന്നു. 2022 മെയ് മാസത്തില്‍ മറ്റ് നാല് ഹരജിക്കാരുടെ അഭിഭാഷകരുമായും ജിതേന്ദ്ര സിങ്ങിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

മഥുരയിലെ മോസ്‌കുമായും താജ് മഹലുമായും ബന്ധപ്പെട്ട കേസുകളിലും ജിതേന്ദ്ര സിങ് പങ്കുചേര്‍ന്നിട്ടുണ്ട്.അതേസമയം ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിനെതിരായ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. മസ്ജിദില്‍ ആരാധനക്കായി ആവശ്യം ഉന്നയിച്ച ഹൈന്ദവ വിഭാഗത്തെ എതിര്‍ത്ത് പള്ളി നടത്തിപ്പുകാരായ അഞ്ജുമന്‍ ഇന്‍തേസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

ഹൈന്ദവ വിഭാഗം നല്‍കിയ കേസ് നിലനില്‍ക്കുമെന്ന വാരണസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്താണ് പള്ളി നടത്തിപ്പുകാര്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. കേസ് നിലനില്‍ക്കുമെന്ന വാരണസി കോടതിയുടെ വിധി അലഹബാദ് കോടതി ശരി വെച്ചു.ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയും സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി ജൂലൈ 14ന് വീണ്ടും പരിഗണിക്കും.

Eng­lish Summary:
Gyan­va­pi Masjid case: One of the five peti­tion­ers withdrew

You may also like this video:

Exit mobile version