ഗ്യാന്‍വാപി പള്ളിയോട് ചേർന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹര്‍ജി നിലനിൽക്കുമെന്ന് വാരാണസി ജില്ലാ കോടതി. ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി നൽകിയ ഹര്‍ജി കോടതി തള്ളി. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
എല്ലാദിവസവും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹര്‍ജി നൽകിയത്. ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശയാണ് വിധി പറഞ്ഞത്. വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം വിഭാഗത്തിനായി ഹാജരായ അഭിഭാഷകർ അറിയിച്ചു.
സുപ്രീംകോടതിയാണ് കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണസി ജില്ലാ കോടതിയിലേക്ക് കേസ് മാറ്റിയത്. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിൽ സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രിലിൽ വാരാണസി കോടതി ഉത്തരവിട്ടിരുന്നു.
പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മ്മിതി കണ്ടെത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ പള്ളി കമ്മിറ്റി അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു. വിധി പറയുന്ന പശ്ചാത്തലത്തില്‍ വാരാണസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. ക്രമസമാധാന പാലനത്തിനായി രണ്ടായിരം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.
English Summary: Gyanvapi Masjid dispute court upholds Hindu Paksha’s plea
You may like this video also