ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വരാണസി ജില്ലാകോടതി വിധി വേദനാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. വിധി മുസ്ലിങ്ങളെ മാത്രമല്ല രാജ്യത്തെ എല്ലാവിഭാഗം മതവിശ്വാസികളേയും വേദനിപ്പിക്കുന്നതാണ്. പള്ളിക്കുള്ളിൽ പൂജ നടത്തുന്നത് 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ അന്തസത്തക്ക് എതിരാണ്. ബാബരി മസ്ജിദ് കേസ് വിധിന്യായത്തിൽ 1991ലെ ആരാധനാലയ സംരക്ഷണനിയമം ശക്തമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സുപ്രിംകോടതി ഊന്നിപറഞ്ഞിരുന്നു.
1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഒരു കെട്ടിടം പള്ളിയായിരുന്നെങ്കിൽ അത് തുടർന്നും പള്ളിയാണെന്നും അതിന്മേൽ മറ്റൊരു വിഭാഗത്തിന് അവകാശവാദമുന്നയിക്കാൻ അധികാരമില്ലെന്നുമാണ് ആരാധനാലയ സംരക്ഷണ നിയമം. 1969ൽ മുകൾ ചക്രവർത്തി ഔറൻഗസീബ് നിർമിച്ചതാണ് ഗ്യാൻവാപി മസ്ജിദ്. നൂറുവർഷത്തിലധികം കഴിഞ്ഞാണ് 1780ൽ ഇൻഡോർ രാജ്ഞി അഹില്യ ഹോൽകർ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥക്ഷേത്രമുണ്ടാക്കുന്നത്.
ഗ്യാൻവാപിപള്ളി കൈവശപ്പെടുത്താൻ ചിലർ നടത്തുന്ന ഗൂഢനീക്കം പ്രതിഷേധാർഹവും വേദനാജനകവുമാണ്. വിധിക്കെതിരേ നീതിപീഠത്തെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള വിശ്വാസം തിരിച്ചുപിടിക്കുന്നതിന് ഉന്നത നീതിപീഠം സത്യസന്ധമായും നിഷ്പക്ഷമായും ഇടപെടണമെന്ന് നേതാക്കൾ പറഞ്ഞു.
English Summary: Gyanvapi Masjid: Varanasi District Court Verdict Painful: Samasta
You may also like this video