വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയ ശിവലിംഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസർ രത്തൻ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സർവകലാശാലക്ക് കീഴിലെ ഹിന്ദു കോളേജിലെ ചരിത്ര അധ്യാപകനാണ് ഡോ. രത്തൻ ലാൽ.
ഇന്ത്യൻ ശിക്ഷാ നിയമം 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക), 295 എ (മനഃപൂർവമായ പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരമാണ് ലാലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് ലാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ശിവലിംഗത്തിനെതിരെ അപകീർത്തികരവും പ്രകോപനപരവുമായ ട്വീറ്റ് അടുത്തിടെ ലാൽ പങ്കുവെച്ചിരുന്നുവെന്ന് അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതിയിൽ പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ വിഷയം വൈകാരിക സ്വഭാവമുള്ളതാണ്, വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അഭിഭാഷകൻ തന്റെ പരാതിയിൽ പറഞ്ഞു.
English Summary: Gyanwapi: DU professor arrested for posting on social media
You may like this video also