Site icon Janayugom Online

ഗ്യാൻവാപി മറ്റൊരു ബാബറി മസ്ജിദ്

gyanvapi masjid

ത്തർപ്രദേശിലെ വാരാണസിയിലുള്ള മുഗൾ ഭരണകാല നിർമ്മിതിയായ ഗ്യാൻവാപി മസ്‌ജിദ്‌ ഹിന്ദുക്ഷേത്രം പൊളിച്ച് പടുത്തുയർത്തിയതാണോ എന്ന് പരിശോധിക്കാൻ ഉദ്ഖനനം അടക്കമുള്ള ശാസ്ത്രീയ സർവേ നടത്താൻ കഴിഞ്ഞ വെള്ളിയാഴ്ച വാരാണസി ജില്ലാ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകി. തിങ്കളാഴ്ച തന്നെ എഎസ്ഐ ഉദ്യോഗസ്ഥർ സര്‍വേ ജോലികൾ ആരംഭിച്ചു. ഈ സർവേ സുപ്രീം കോടതി ഏതാനും മണിക്കൂറുകൾ നിർത്തിവച്ചെങ്കിലും നിലവിലെ ഇന്ത്യൻ സാഹചര്യവും ബാബറി മസ്ജിദിന്റെ ഭൂതവും വർത്തമാനവുമൊക്കെ അറിയുന്ന ഏതൊരു ഇന്ത്യൻ പൗരനും എന്തായിരിക്കും ഇതിന്റെ പര്യവസാനം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
‘അയോധ്യ തോ ജങ്കി ഹേയ്, കാശി-മഥുര ബാക്കി ഹേയ്’ (അയോധ്യ ഒരു കാഴ്ച മാത്രമാണ്, കാശി-മഥുര അവശേഷിക്കുന്നു) എന്നത് 90കളിലെ സംഘ്പരിവാറിന്റെയും മറ്റ് തീവ്ര ഹിന്ദുത്വസംഘടനകളുടെയും മുദ്രാവാക്യമായിരുന്നു. ബാബറി മസ്‌ജിദും സ്ഥലവും കോടതി ഏകപക്ഷീയമായി രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്തതിനു പിന്നാലെ, ഔട്ട് ലുക്ക് മാസികയുമായി നടത്തിയ അഭിമുഖത്തിൽ ബിജെപി നേതാവ് വിനയ് കത്യാര്‍ പ്രതികരിച്ചതിങ്ങനെ: ‘അയോധ്യ വിജയിച്ചു, അടുത്തത് കാശിയും മഥുരയും; മസ്ജിദുകള്‍ അവിടെ നിന്നും ഉടൻ നീക്കേണ്ടതുണ്ട്. അയോധ്യയിലെന്നപോലെ പള്ളി പൊളിച്ചുള്ള ക്ഷേത്രനിര്‍മ്മാണം സാധ്യമാക്കുന്ന വഴികളെക്കുറിച്ച് ബിജെപി ഗൗരവമായി ആലോചിക്കുന്നു’.


ഇതുകൂടി വായിക്കൂ: ബാബറി മസ്ജിദ് തകര്‍ക്കലിന്റെ നാൾവഴികൾ


“ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ട് കഴിഞ്ഞാൽ നിര്‍മ്മാണത്തിന് തുടക്കം കുറിക്കും. പിന്നെ രാമക്ഷേത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കരുതുന്നില്ല. ശിലാപൂജയ്ക്ക് ശേഷം കാശിയിലും മഥുരയിലും ക്ഷേത്ര നിര്‍മ്മാണത്തിനായി സമാഹരണം ആരംഭിക്കും’ എന്നുകൂടി അദ്ദേഹം ആണയിടുന്നുണ്ട്. ഈ ലക്ഷ്യം ഇവിടംകൊണ്ടും തീരുമെന്ന യാതൊരു തെറ്റിദ്ധാരണയും ഉണ്ടാകേണ്ടതില്ല. മുഴുവൻ പള്ളികളും തകർത്ത് ന്യൂനപക്ഷങ്ങളെയും ഫാസിസ്റ്റ് വിരുദ്ധരെയും ബുൾഡോസറിനാൽ ഞെരിച്ചമർത്തി, ഭാരതത്തിന്റെയും മതേതരത്വത്തിന്റെയും ശവപ്പെട്ടിയിൽ അവസാന ആണിയുമടിച്ച് മാത്രമേ ഈ സംഘ്പരിവാർ ഫാസിസ്റ്റ് തേരോട്ടം നിൽക്കുകയുള്ളൂ. അപ്പോഴേക്കും ഇന്ത്യ എന്ന സംജ്ഞ തന്നെ അപ്രത്യക്ഷമാകും.

1669ലാണ് മുഗൾ ചക്രവർത്തി ഔറംഗസേബ് ഗ്യാൻവാപി മസ്‌ജിദ്‌ പണിതത്. പിന്നെയും നൂറു വർഷം കഴിഞ്ഞ് 1750ലാണ് ഇൻഡോർ രാജ്ഞി അഹില്യ ഹോൽക്കർ തൊട്ടടുത്ത് കാശി വിശ്വനാഥക്ഷേത്രം ഉണ്ടാക്കുന്നത്. ഈ പള്ളി തകർത്ത് അതിന്റെ ഭൂമി കൈവശപ്പെടുത്താൻ കേവലം 86 വർഷം മുമ്പാണ് ശ്രമമാരംഭിച്ചത്. ബാബറി മസ്ജിദ് മാതൃകയിൽ ഈ പള്ളികളിലും വിഗ്രഹം കടത്താനുള്ള ശ്രമം പള്ളി കമ്മിറ്റിക്കാർ കയ്യോടെ പിടികൂടുകയായിരുന്നു. രണ്ടായിരത്തിൽ ശിവലിംഗം പള്ളിക്കകത്തേക്ക് വലിച്ചെറിഞ്ഞ് പ്രദേശത്ത് ഹിന്ദു-മുസ്ലിം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമവും ജില്ലാ ഭരണകൂടം ഇടപെട്ട് തടയുകയായിരുന്നു. 2018 ഒക്ടോബറിൽ സർക്കാർ കരാറുകാരന്‍ അർധരാത്രിയിൽ പള്ളിയുടെ മതിൽ ഒരു ഭാഗം പൊളിച്ചുമാറ്റി. പിറ്റേദിവസം തന്നെ മതിൽ വീണ്ടും പണിതെങ്കിലും ആ നിർമ്മാണത്തിൽ സംശയമുണ്ടെന്ന് അന്ന് തന്നെ പ്രദേശത്തെ മുസ്ലിങ്ങൾ പരാതിപ്പെട്ടിരുന്നു.


ഇതുകൂടി വായിക്കൂ: രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ വളരുന്നു


2021 ഓഗസ്റ്റിൽ തീവ്ര ഹിന്ദുത്വസംഘടനയായ വിശ്വവേദിക് സനാതൻ സംഘിന്റെ പ്രവർത്തകരായ അഞ്ച് സ്ത്രീകൾ മസ്‌ജിദ്‌ സമുച്ചയത്തിൽ നിത്യവും വിഗ്രഹാരാധന നടത്താൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നൽകി. ഇതിനെ തുടർന്ന് പള്ളിയിൽ വീഡിയോ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിടുകയായിരുന്നു. ഈ സർവേ നടത്തിയ അഭിഭാഷക കമ്മിഷണന്‍ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് തന്നെ ശുചീകരണസ്ഥലത്തിനടുത്ത് ശിവലിംഗം കണ്ടെത്തിയെന്ന് ഉറപ്പിക്കുകയും ആ ഭാഗം മുദ്രവയ്ക്കാൻ ഉത്തരവിടുകയും ചെയ്ത കോടതി നടപടിയിൽ സുപ്രീം കോടതി അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അഭിഭാഷക കമ്മിഷണറായി നിയമിക്കപ്പെട്ടത് മുതൽ അജയ് മിശ്ര, പക്ഷപാതപരമായി പെരുമാറുകയാണ് എന്നാണ് അന്‍ജുമെൻ ഇൻതിസാമിയ മസ്‌ജിദ്‌ കമ്മിറ്റിയുടെ അഭിഭാഷകൻ അഭയ് നാഥ് യാദവ് പറയുന്നത്. അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
അയോധ്യ കേസിലെ വിധി മറ്റ് ആരാധനാലയങ്ങളുടെ കേസിൽ ഒരു കീഴ്‌വഴക്കമാകില്ല; ഇനിയൊരിക്കലും ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റേതാക്കി മാറ്റാനും സാധിക്കില്ല എന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും, ഏതൊരു ആരാധനാലയവും 1947 ഓഗസ്റ്റിന് മുമ്പ് ഏതുവിഭാഗത്തിന്റെ കയ്യിലാണോ, അത് തുടര്‍ന്നും അവര്‍ക്ക് അവകാശപ്പെട്ടതാണെന്ന 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ ‘ദ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ടിന്റെ നഗ്നമായ ലംഘനവുമാണ് വാരാണസി ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത്.

Exit mobile version