21 June 2024, Friday

രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ വളരുന്നു

സത്യന്‍ മൊകേരി
വിശകലനം
July 20, 2023 4:15 am

ജൂലൈ 14, 15, 16 തീയതികളില്‍ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിൽ ഇന്ത്യന്‍ രാഷ്ട്രീയ‑സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ചും സാര്‍വദേശീയ സംഭവവികാസങ്ങളെക്കുറിച്ചും വിശദമായ പരിശോധനകളും ചര്‍ച്ചകളും നടന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ വിലയിരുത്തി. തെലങ്കാന സംസ്ഥാന സെക്രട്ടറി സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ മൂന്നു ദിവസമായി ചേര്‍ന്ന ദേശീയ കൗണ്‍സിലില്‍ ദേശീയ‑സാര്‍വദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഡി രാജ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പോണ്ടിച്ചേരിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലിനു ശേഷം രാജ്യത്തെ വിവിധ മേഖലകളില്‍ പാര്‍ട്ടിയും ബഹുജന സംഘടനകളും നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളും ജനകീയ ഇടപെടലുകളും ഏറെ ആവേശകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. 2019ല്‍ വീണ്ടും അധികാരത്തില്‍ വന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി അതിശക്തമായ പ്രക്ഷോഭങ്ങളാണ് രാജ്യത്തുടനീളം വളരുന്നത്. ബിജെപി ഹഠാവോ, ദേശ് ബച്ചാവോ ക്യാമ്പയിന്‍ രാജ്യത്താകെ ജനമുന്നേറ്റമായി മാറി. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, വനിതകള്‍, വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവര്‍, ബുദ്ധിജീവികള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു. സെപ്റ്റംബറിലാണ് കേരളം ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളില്‍ ച്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ; ഏകീകൃത വ്യക്തിനിയമത്തിന് പിന്നിൽ ദുഷ്ടലാക്ക് മാത്രം


പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും തീരുമാനങ്ങളും രാജ്യത്ത് വളര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളാണ്. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ബംഗളൂരുവില്‍ വീണ്ടും യോഗം ചേരുകയുണ്ടായി. ഹിന്ദുത്വ നിര്‍മ്മിതിക്കായി ആര്‍എസ്എസ് നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കെതിരായി മതേതര-ജനാധിപത്യ‑ദേശാഭിമാന‑ഇടതുപക്ഷ ശക്തികള്‍ ഒന്നിച്ചണിനിരക്കണമെന്ന അഭിപ്രായം രാജ്യത്ത് ശക്തിപ്പെട്ടു. കൊല്ലത്തുചേര്‍ന്ന സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസും വിജയവാഡയില്‍ ചേര്‍ന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസും ഈ ഐക്യആഹ്വാനമാണ് നല്‍കിയിരുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഹിന്ദുത്വ ശക്തികള്‍, ഹിന്ദു രാഷ്ട്രാഹ്വാനത്തിലൂടെ ശ്രമിക്കുന്നത്. ഉഡുപ്പിയില്‍ ചേര്‍ന്ന ആര്‍എസ്എസിന്റെ ഉന്നതതല സമ്മേളന തീരുമാനങ്ങള്‍‍ അതാണ് വ്യക്തമാക്കുന്നത്. 2024ലോക്‌സഭാ തെര‍ഞ്ഞെടുപ്പില്‍ ഹിന്ദുരാഷ്ട്രവാദം ഉയര്‍ത്തി, വീണ്ടും അധികാരത്തില്‍ വരാനുള്ള പദ്ധതികളുമായിട്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിതതും പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതും സങ്കുചിതമായ ഹിന്ദുത്വ ബോധം വളര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ മുന്‍കയ്യെടുത്ത് ഏകീകൃത സിവില്‍ നിയമ വിഷയം ചര്‍ച്ചയാക്കിയത്. തെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഏകീകൃത വ്യക്തിനിയമ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഒരു കരട് പോലും തയ്യാറാക്കാത്ത വിഷയത്തെക്കുറിച്ചാണ് നിയമകമ്മിഷന്‍ ജനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്. ഇതെല്ലാം ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന സമീപനം സ്വീകരിച്ചാണ് രാജ്യം വളര്‍ന്നുവന്നത്. എല്ലാ വിശ്വാസികളും പരസ്പരം ബഹുമാനവും സ്നേഹവും ഉയര്‍ത്തിപ്പിടിച്ചവരാണ്. സിപിഐ ലിംഗനിതിയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളും വിവിധതരത്തിലുള്ള അസമത്വങ്ങളും സംബന്ധമായി വിശ്വാസികളില്‍ നിന്നുതന്നെ അഭിപ്രായങ്ങൾ ഉയര്‍ന്നുവരണം. അതിലൂടെ ഉണ്ടാകുന്ന ചര്‍ച്ചകളുടെയും സമവായത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ടു പോകാന്‍ പാടുള്ളു. മണിപ്പൂര്‍ കലാപം ബിജെപി സര്‍ക്കാരിന്റെ സൃഷ്ടിയാണ്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ വംശീയതയുടെ പേരില്‍ ഭിന്നിപ്പിച്ച് ആ മേഖലകളില്‍ ആധിപത്യം ഉറപ്പിക്കാന്‍ സംഘ്പരിവാര്‍ നടപ്പിലാക്കിയ അജണ്ടയുടെ ഭാഗമാണ് സംഭവവികാസങ്ങള്‍. മണിപ്പൂരിലെ വംശീയ കലാപത്തില്‍ ഇതുവരെ 142 പേര്‍ കൊല്ലപ്പെട്ടു. 1000ലധികം ജനങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 70,000ത്തിലധികം ജനങ്ങള്‍ നാടുവിട്ടുപോയി. 272 അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കേണ്ടിവന്നു. നിരവധി മണിപ്പൂരികള്‍ അയല്‍സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും അഭയാര്‍ത്ഥികളായി താമസിക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലെല്ലാം ജനങ്ങളെ സഹായിക്കുവാനും സംരക്ഷിക്കുവാനും സിപിഐ വോളണ്ടിയര്‍മാരുണ്ട്. ബിജെപി-സംഘ്പരിവാര്‍ സംഘടനകള്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണ് വംശീയ കലാപം ആളിപ്പടര്‍ന്നത്. എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍.

 


ഇതുകൂടി വായിക്കൂ; അമൃത് കാലിൽ നിന്ന് ‘കർത്തവ്യ കാലി’ലേക്ക്


 

വര്‍ഷങ്ങളായി കുക്കികളും മെയ്തികളും നാഗന്മാരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉള്ളതാണ്. ആ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പകരം വംശീയമായ ചേരിതിരിവ് ശക്തിപ്പെടുത്തുകയും ആളിക്കത്തിക്കുകയുമാണ് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തത്. ഇത്രയും ഗുരുതരമായ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരക്ഷരം മിണ്ടിയിട്ടില്ല. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കുക, തീവ്രവാദ സംഘടനകളെ നിരായുധീകരിക്കുക, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യുക, നുഴഞ്ഞുകയറ്റക്കാരെ തടയുക, അതിനായി സുരക്ഷാ സേനയെ ശക്തിപ്പെടുത്തുക, കഞ്ചാവ് കൃഷി ഇല്ലാതാക്കുക, അഡാനിക്ക് ഭൂമി വിട്ടുനല്‍കിയത് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ദേശീയകൗണ്‍സില്‍ ഉന്നയിച്ചു. സിപിഐ–സിപിഐ(എം)പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. പാര്‍ലമെന്റ് അംഗങ്ങളായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, കെ സുബ്ബരായന്‍ എന്നിവരാണ് സിപിഐയെ പ്രതിനിധീകരിച്ച് സംഘത്തില്‍ ഉണ്ടായിരുന്നത്. ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയും ദേശീയ സെക്രട്ടറി നിഷാ സിദ്ദുവും ദീക്ഷ ദ്വിവേദിയും സംസ്ഥാനം സന്ദര്‍ശിക്കുകയുണ്ടായി. മൂന്നുപേര്‍ക്കും എതിരായി ദേശദ്രോഹം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശവ്യാപകമായി ഈ മാസം 25ന് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുവാന്‍ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നീക്കങ്ങള്‍ അപലപനീയമാണ്. ഭരണഘടനാ തത്വങ്ങളും കീഴ്‌വഴക്കങ്ങളും കേന്ദ്രത്തിന്റെ പിന്തുണയോടെ ഇല്ലാതാക്കുകയാണ്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളില്‍ കത്തിവയ്ക്കുവാനുമുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍കൈ എടുത്താണ് എന്‍സിപിയെ പിളര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത്.
രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തിതാരങ്ങള്‍ ഉന്നയിച്ച ലെെംഗിക പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഗുസ്തി താരങ്ങളെ അപമാനിച്ച ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് എന്ന എംപിയെ സംരക്ഷിക്കുന്നതിനായി കേന്ദ്രം നടത്തിയ നീക്കങ്ങള്‍ക്കെതിരായി ശക്തമായ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയര്‍ന്നുവന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവിധ സംഘടനകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നു. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. തൊഴില്‍ മേഖല വലിയ പ്രതിസന്ധി നേരിടുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഓരോ വര്‍ഷവും രണ്ട് കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന നരേന്ദ്രമോഡിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി മാറി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയാണ്. സ്വകാര്യവല്‍ക്കരണം പൂര്‍ണമാക്കാനുള്ള നീക്കങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് ദേശീയ–അന്തര്‍ദേശീയ കോര്‍പറേറ്റുകളുടെ കയ്യില്‍ എത്തിക്കുന്നതിനായുള്ള നീക്കങ്ങളാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍വീസ് മേഖലയിലും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് കേന്ദ്രം തയ്യാറാകുന്നില്ല. പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതെ യുവാക്കള്‍ ദുരിതം അനുഭവിക്കുകയാണ്.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം തമാശയായി മാറി. തൊഴിലില്ലായ്മ പെരുകുകയാണ്. ഗ്രാമീണ ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കിയിരുന്ന ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. സ്ത്രീകളും കുട്ടികളും മറ്റ് ജനവിഭാഗങ്ങളും ഏറെ അവശത അനുഭവിക്കുന്നു. വിലക്കയറ്റം ഓരോ ദിവസവും കുതിച്ചുകയറുകയാണ്. ദരിദ്രരായ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ ജീവിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നു. 2024 തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് സംഘ്പരിവാര്‍ സംഘടനകളും ബിജെപിയും. പ്രധാന മന്ത്രിയുടെ വ്യക്തിപ്രഭാവം ഉയര്‍ത്തിയാല്‍ അധികാരത്തുടര്‍ച്ച ഉണ്ടാവില്ലെന്ന് ആര്‍എസ്എസ് ഇതിനകം തന്നെ വ്യക്തമാക്കി. ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനം അതാണ് ചൂണ്ടിക്കാട്ടിയത്. ഉടുപ്പിയില്‍ ചേര്‍ന്ന ആര്‍എസ്എസിന്റെ ഉന്നതല യോഗവും എത്തിച്ചേ ർന്ന നിഗമനം അതു തന്നെയായിരുന്നു. ഹിന്ദുത്വരാഷ്ട്ര നിര്‍മ്മിതിക്കായി രാജ്യത്ത് പ്രചരണം ശക്തിപ്പെടുത്തി മത–ജാതി-ഗോത്ര–വംശീയ വികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് ഹിന്ദുത്വ ശക്തികളുടെ ഇപ്പോഴത്തെ അജണ്ട. ഇതിനെതിരായി മതേതര–ജനാധിപത്യ–ദേശാഭിമാന‑ഇടതുപക്ഷ ശക്തികള്‍ ഒരുമിച്ച് മുന്നോട്ടു പോകണം. റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം, യൗഗനി പ്രിഗോഷിയുടെ നേതൃത്വത്തില്‍ സ്വകാര്യ സൈനികവ്യൂഹമായ വാഗ്നര്‍‍ നടത്തിയ കലാപവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും, പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഫ്രാന്‍സിലെ പുതിയ സംഭവവികാസങ്ങള്‍, ഗ്രീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈവരിച്ച വിജയം, ജി20 സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ഇന്ത്യ‑ചൈന ബന്ധങ്ങള്‍, തുര്‍ക്കിയില്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ നടക്കുന്ന കമ്മ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ സമ്മേളനം, ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 80-ാം വാര്‍ഷികം തുടങ്ങിയ വിഷയങ്ങളും ദേശീയ കൗണ്‍സില്‍ ചര്‍ച്ചചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.