Site icon Janayugom Online

ഗ്യാൻവാപി ഹര്‍ജി; ഹിന്ദുത്വ സംഘടനകള്‍ തമ്മിലടി

വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ ഒരു ഭാഗം അടച്ചിടുന്നതിലേക്ക് നയിച്ച ഹർജി നല്കിയവര്‍ തമ്മില്‍ ഭിന്നത. അഞ്ച് സ്ത്രീകളാണ് ഹർജി നല്കിയത്. ഇതില്‍ വാരാണസി സ്വദേശികളായ നാല് പേരുടെ ഹര്‍ജി പിന്‍വലിക്കുന്നതായി അഭിഭാഷകന്‍ ശിവം ഗൗര്‍ അറിയിച്ചു. ഡൽഹി സ്വദേശി രാഖിസിങ്ങിന്റെ ഹര്‍ജിയില്‍ മാത്രമാണ് ഹാജരാകുകയെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് നാലുപേർക്ക് വേണ്ടി സുധീർ ത്രിപാഠിയാണ് ഇനി ഹാജരാകുക. ഭിന്നത കേസിനെ ബാധിക്കില്ലെന്നും കേസില്‍ അവസാനം വരെ പോരാടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദുത്വ സംഘടനകള്‍ തമ്മിലുള്ള ഭിന്നതയാണ് ഹര്‍ജിയിലെ പിളര്‍പ്പിനും ഇടയാക്കിയതെന്നാണ് സൂചന.

ഹര്‍ജിക്കാരിലൊരാളായ വാരാണസി സ്വദേശി ലക്ഷ്മി ദേവിയുടെ ഭർത്താവ് സോഹൻ ലാൽ ആര്യ വിശ്വഹിന്ദു പരിഷത്തിന്റെ മുതിർന്ന നേതാവാണ്. കേസിൽ ഹര്‍ജിക്കാരായ വാരാണസിയിലെ നാല് സ്ത്രീകളെ താൻ തിരഞ്ഞെടുത്തതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വിശ്വ വേദ സനാതൻ സംഘത്തിന്റെ ഭാഗമാണ് ഡല്‍ഹിക്കാരിയായ രാഖി സിങ്. സംഘത്തിന്റെ പ്രസിഡന്റ് ജിതേന്ദ്ര ബിസെൻ ആണ് അവരുടെ പേര് കേസിൽ ഉള്‍പ്പെടുത്താന്‍ വാരാണസിയിലെ ഹര്‍ജിക്കാരുമായി ബന്ധപ്പെട്ടത്.

എന്നാല്‍ വൈദിക സംഘത്തെ വ്യാജ സംഘടനയെന്നാണ് സോഹൻ ലാൽ ആര്യ വിശേഷിപ്പിക്കുന്നത്. വൈദിക സംഘം പ്രശസ്തിക്കു വേണ്ടി ഹർജിയുടെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയാണെന്നും ആര്യ പറഞ്ഞു.

Eng­lish summary;Gyanwapi peti­tion; Clash­es broke out between Hin­dut­va organizations

You may also like this video;

Exit mobile version