Site icon Janayugom Online

ഗ്യാൻവാപി വിഷയം; ഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി

ഗ്യാൻവാപി മസ്ജിദ് വിഷയത്തില്‍ വാദം കേൾക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. ഗ്യാൻവാപി മസ്ജിദ് വഖഫ് സ്വത്തെന്ന് മസ്ജിദ് കമ്മിറ്റി വാരണാസി ജില്ലാ കോടതിയിൽ പറഞ്ഞു. മസ്ജിദ് മേഖലയിൽ പൂജയും, പ്രാർത്ഥനയും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് മസ്ജിദ് കമ്മിറ്റി നിലപാട് അറിയിച്ചത്.

വാരണാസിയിലെ രണ്ട് കോടതികളാണ് ഗ്യാൻവാപി വിഷയം ഇന്ന് പരിഗണിച്ചത്. ഗ്യാൻവാപി മസ്ജിദ് മേഖലയിൽ പൂജയും, പ്രാർത്ഥനയും അനുവദിക്കണമെന്ന ഹർജി നിലനിൽക്കുമോയെന്നതിലായിരുന്നു വാരണാസി ജില്ലാ കോടതിയിലെ വാദം കേൾക്കൽ. മസ്ജിദ് വഖഫ് സ്വത്തല്ലെന്ന ഹർജിക്കാരുടെ വാദത്തെ മസ്ജിദ് കമ്മിറ്റി എതിർത്തു.

1937ലെ ദീൻ മുഹമ്മദ് കേസ് വിധിയിൽ ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും ഭൂമികൾ കൃത്യമായി വേർതിരിച്ചിരുന്നു. മസ്ജിദ് വളപ്പ് മുസ്ലിം വഖഫിന്റേതാണെന്നും, സമുദായ അംഗങ്ങൾക്ക് അവിടെ പ്രാർത്ഥിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. ഇന്ന് വാദമുഖങ്ങൾ അവസാനിക്കാത്തതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റിയത്.

അതേസമയം, ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന മേഖലയിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന ഹർജിയിൽ മസ്ജിദ് കമ്മിറ്റിയുടെ അടക്കം വാദം കേൾക്കാൻ വാരണാസി അതിവേഗ കോടതി തീരുമാനിച്ചു. അതിവേഗ കോടതിയിലെ ഹർജി ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും. കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയത്. മാധ്യമങ്ങൾക്ക് കോടതിക്കുള്ളിൽ പ്രവേശനം വിലക്കി.

Eng­lish sum­ma­ry; Gyan­wapi sub­ject; The hear­ing on the peti­tion was post­poned to July 4

You may also like this video;

Exit mobile version