Site iconSite icon Janayugom Online

എച്ച്1 എൻ1 വ്യാപനം; കുസാറ്റ് ക്യാമ്പസ് അടച്ചു

വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 (H1N1) രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ക്യാമ്പസ് അടച്ചു. അടുത്ത മാസം അഞ്ചാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത്. ഈ കാലയളവിൽ ക്ലാസുകൾ ഓൺലൈനായി നടത്തും. നിലവിൽ അഞ്ച് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പുറമെ രോഗലക്ഷണങ്ങളുള്ള പല വിദ്യാർത്ഥികളും സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാമ്പസ് അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.

അഞ്ചാം തീയതിക്ക് ശേഷം ഓരോ ഡിപ്പാർട്ട്മെന്റുകളും ഭാഗികമായി തുറന്നുപ്രവർത്തിക്കും. ക്യാമ്പസിലെ സാഹചര്യം പൂർണമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും പൂർണതോതിൽ ക്ലാസുകൾ പുനരാരംഭിക്കുക. എസ് എൽ എസ് ക്യാമ്പസിലെ വിദ്യാർത്ഥികൾക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാമ്പസിലുള്ള വിദേശ വിദ്യാർത്ഥികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഹോസ്റ്റലിൽ തുടരാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, മറ്റ് വിദ്യാർത്ഥികൾ വീടുകളിലേക്ക് പോകണമെന്നാണ് നിർദേശം.

Exit mobile version