Site icon Janayugom Online

ചൈനയിലെ എച്ച്9എന്‍2 വൈറസ്; ഏത് പ്രതിസന്ധിയെയും നേരിടാന്‍ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ചൈനയില്‍ എച്ച്9എന്‍2 വൈറസ് കേസുകളും ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനിയും നിരീക്ഷിച്ച് വരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലേക്ക് ഇവ പടരാനുള്ള സാധ്യത കുറവാണ്. എങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാറാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം പക്ഷിപ്പനിക്ക് കാരണമാകുന്നതാണ് എച്ച്9എന്‍2 വൈറസ്. വടക്കന്‍ ചൈനയില്‍ കുട്ടികളിലാണ് ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനി പടരുന്നത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ ചെയര്‍മാന്റെ നേതൃത്വത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. രോഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തി. 

പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എങ്കിലും മനുഷ്യനിലും വളര്‍ത്തുമൃഗങ്ങളിലും നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത യോഗം മുന്നോട്ടുവെച്ചു. 

കുട്ടികളെയാണ് ശ്വാസകോശ സംബന്ധമായ രോഗം കാര്യമായി ബാധിച്ചിരിക്കുന്നത്. ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് ഇതും കാണിക്കുന്നത്. പുതിയ രോഗാണുവിനെയൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് വടക്കന്‍ ചൈനയില്‍ പകര്‍ച്ചപ്പനി പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു.

Eng­lish Summary:H9N2 virus in Chi­na; The Union Health Min­istry is ready to face any crisis
You may also like this video

Exit mobile version