Site iconSite icon Janayugom Online

ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ചിരുന്നു; വെളിപ്പെടുത്തലുമായി എസ്ഡിപിഐ

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും തെരഞ്ഞടുപ്പില്‍ സഹകരിച്ചിരുന്നുവെന്നും വ്യക്തമാക്കി എസ്ഡിപിഐ നേതൃത്വം. കോഴിക്കോട് രണ്ടുദിവസങ്ങളിലായി നടന്ന എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേതൃത്വം പാര്‍ട്ടിയുടെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സ്വീകരിച്ച നയം വ്യക്തമാക്കിയത്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചില്ലെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അത് എസ്ഡിപിഐ നേതൃത്വം തള്ളി . യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നയം രൂപീകരിച്ചതെന്നാണ് എസ്ഡിപിഐ വ്യക്തമാക്കുന്നത്.
വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ നിയോജക മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ്കളിലും എസ്ഡിപിഐ നേതൃത്വം യുഡിഎഫിന് പരസ്യ പിന്തുണയാണ് നല്‍കിയത്. ബിജെപിയെ എതിര്‍ക്കാന്‍ കഴിയുന്ന കക്ഷി എന്ന നിലയിലാണ് കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കിയതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്വീകരിച്ച നിലപാടാണ് ബിജെപിയുടെ വിജയം തടഞ്ഞതെന്നും പാര്‍ട്ടി ഇവിടെ മത്സരിച്ചിരുന്നുവെങ്കില്‍ ബിജെപി വിജയിക്കുമായിരുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എല്ലാകാലത്തും പാര്‍ട്ടി ഈ നിലാടാണ് സ്വീകരിച്ചതെന്നും മറിച്ചു ചിന്തിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതമാക്കരുതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. 

നേമത്തും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എസ്ഡിപിഐ സ്വീകരിച്ച നിലപാടിലൂടെയാണെന്നും നേതാക്കള്‍ അവകാശപ്പെട്ടു. ബിജെപിയാണ് എസ്ഡിപിഐയുടെ രാഷ്ട്രീയ ശത്രു. മറ്റു പാര്‍ട്ടികള്‍ രാഷ്ട്രീയ എതിരാളികള്‍ മാത്രമാണ്. ബിജെപിയോട് സ്വീകരിക്കുന്ന നയമാണ് എസ്ഡിപിഐയെ വര്‍ഗ്ഗീയപാര്‍ട്ടിയെന്ന് മുദ്രകുത്താന്‍ കാരണമാകുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. എസ്ഡിപിഐ സംസ്ഥാന പ്രസിന്റായി സി പി എ ലത്തീഫിനേയും വൈസ് പ്രസിഡന്റുമാരായി പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍ എന്നിവരേയും സംസ്ഥാന പ്രതിനിധിസഭ തെരഞ്ഞെടുത്തു. 

Exit mobile version