Site iconSite icon Janayugom Online

കരിപ്പൂരിനെ ഹജ്ജ് യാത്രക്കാരും കൈവിട്ടു, ഇത്തവണ 636 പേർ

2026ലെ ഹജ്ജ് അപേക്ഷകരിൽ 82% ത്തിലധികം പേർ മലബാറിൽ നിന്നായിട്ടും കരിപ്പൂരിനെ കൈവിട്ട് ഹജ്ജ് തീർത്ഥാടകർ. എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചതാണ് ഒരുകാലത്ത് ഹജ്ജ് തീർത്ഥാടനത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്ന കരിപ്പൂരിന് വൻ തിരിച്ചടിയായത്. കോടികൾ ചെലവഴിച്ച് ഒരുക്കിയ ഹജ്ജ് അനുബന്ധ സൗകര്യങ്ങൾ തീർത്ഥാടകരില്ലാതെ വൃഥാവിലാകുന്ന കാഴ്ചയാണ് മലബാറിന്റെ സ്വപ്നച്ചിറകായ ഈ വിമാനത്താവളത്തിനുള്ളത്. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളെയാണ് കൂടുതൽ യാത്രക്കാരും അപേക്ഷയിൽ പരിഗണിച്ചിരിക്കുന്നത്. കരിപ്പൂരിലൂടെ തീർത്ഥാടനത്തിനായി അരലക്ഷത്തോളം രൂപ അധിക ചെലവുവരുന്ന സാഹചര്യത്തിലാണ് ഈ ചുവടുമാറ്റം. കരിപ്പൂരിന്റെ സാധ്യതകൾ ഇല്ലാതാക്കി സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കുന്ന വൻലോബിയാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉണ്ടെങ്കിലും വലിയ വിമാനങ്ങൾക്കുള്ള സൗകര്യമില്ലാത്തതാണ് കരിപ്പൂരിന് വിനായായതെന്നാണ് ഔദ്യോഗിക വിശദീകരണം. 

കരിപ്പൂരിൽ നിന്ന് 636 പേർ മാത്രമാണ് അടുത്ത തവണ ഹജ്ജ് കമ്മിറ്റി മുഖേന യാത്രയാവുക. ഈ വര്‍ഷം 31 വിമാനങ്ങളിലായി 5,339 പേരാണ് കരിപ്പൂര്‍ വഴി യാത്ര ചെയ്തത്. എന്നാല്‍ അടുത്ത തവണ ഏറ്റവും കൂടുതൽ പേർ നെടുമ്പാശേരി വിമാനത്താവളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അപേക്ഷകരിൽ 16,500 പേർ കൊച്ചിയും 8,300 പേർ കണ്ണൂരുമാണ് എമ്പാർക്കേഷൻ പോയിന്റായി താല്പര്യപ്പെട്ടത്. സംസ്ഥാനത്തു നിന്ന് 8,530 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. കൊച്ചിയിൽ നിന്ന് 4,854 ഉം കണ്ണൂരിൽ നിന്ന് 3,049 പേർക്കും അവസരം ഉണ്ടാകും. കഴിഞ്ഞ മൂന്നുവർഷമായി കരിപ്പൂരിൽ നിന്നുള്ള യാത്രാനിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് വലിയതോതിൽ വർധിപ്പിച്ചതാണ് ഹജ്ജ് യാത്രക്കാരെ അകറ്റിയത്. സൗദിയിലേക്കുള്ള ആകാശപാതയിൽ കണ്ണൂരും കരിപ്പൂരും കൊച്ചിയും ഏറെക്കുറെ യാത്രാദൂരം വലിയ വ്യത്യാസമില്ലെങ്കിലും കരിപ്പൂരുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് രണ്ടിടങ്ങളിലും യാത്രാനിരക്കില്‍ വലിയ കുറവുണ്ട്. ഹജ്ജ് ഹൗസും വനിതാ ബ്ലോക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏറെയുണ്ടെങ്കിലും വിമാനക്കമ്പനികളുടെ കൊള്ള തീർത്ഥാടകരെ കരിപ്പൂരിൽ നിന്നും അകറ്റിയിരിക്കുകയാണ്. ഇതുവഴിയുള്ള ഹജ്ജ് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് സംഭവിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഹജ്ജ് യാത്രാനിരക്ക് 1,52,300 രൂപയാണ്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 50,000 രൂപ അധികമാണിത്. കൊച്ചിയിൽ സൗദി എയർലൈൻസ് 86,000 രൂപയും കണ്ണൂരിൽ 87,000 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ടെണ്ടർ തീയതി നിശ്ചയിച്ചിട്ടില്ല. 

Exit mobile version