Site icon Janayugom Online

2023ലെ ഹജ്ജ്: പ്രധാന ക്യാമ്പ് കരിപ്പൂരില്‍

കേരളത്തിൽ നിന്നുള്ള 2023ലെ ഹജ്ജ് തീർത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ ക്രമീകരിക്കാനും കണ്ണൂർ, കൊച്ചി മേഖലകളിൽ താൽക്കാലിക ക്യാമ്പുകൾ സജ്ജമാക്കാനും ധാരണയായി. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഹജ്ജ് തീർത്ഥാടനത്തിനായി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനവും യോഗം വിലയിരുത്തി. ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകളാണ് കേന്ദ്രം അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് എംബാർക്കേഷൻ പോയിന്റുകൾ. തീർത്ഥാടകരിൽ നല്ലൊരു ശതമാനം കോഴിക്കോട്, മലപ്പുറം മേഖലകളിൽ നിന്നായതുകൊണ്ടും ഹജ്ജ് ഹൗസിലെ സൗകര്യങ്ങൾ കണക്കിലെടുത്തുമാണ് കരിപ്പൂരിൽ പ്രധാന ഹജ്ജ് ക്യാമ്പ് നിശ്ചയിച്ചത്. 

എംബാർക്കേഷൻ പോയിന്റുകളിലേയും ക്യാമ്പുകളിലേയും പ്രവർത്തനത്തിന് അതത് ജില്ലാ കളക്ടർമാർ കൂടി മേൽനോട്ടം വഹിക്കേണ്ടതാണെന്ന് മന്ത്രി നിർദേശിച്ചു. വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എയർപോർട്ട് അതോറിറ്റികളുമായി കളക്ടർമാർ, എംഎൽഎമാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനും തീരുമാനിച്ചു. കണ്ണൂർ എയർപോർട്ട് അതോറിറ്റിയുമായി മന്ത്രി 14ന് പ്രാഥമിക ചർച്ച നടത്തിയിരുന്നു.
ഹജ്ജുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഒരു കോടി രൂപ ബജറ്റിൽ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യം, ഗതാഗതം, റവന്യു വകുപ്പുകളെ ഏകോപിപ്പിച്ച് നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. 

കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത അപേക്ഷകർക്ക് ഇത്തവണ തീർത്ഥാടനത്തിന് അവസരമുണ്ടാകില്ല. രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കാനുള്ളവർക്ക് പ്രത്യേക വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിക്കും. കഴിഞ്ഞ തവണ പ്രൈവറ്റ് ഹജ്ജ് ഗ്രൂപ്പുകൾ വഴി പോയ ചില തീർത്ഥാടകർക്ക് അസൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അത്തരം സാഹചര്യം ഒഴിവാക്കാൻ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൈവറ്റ് ഗ്രൂപ്പുകളുടെ ഒരു പ്രത്യേക യോഗം വിളിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ മന്ത്രി നിർദേശിച്ചു. ഹജ്ജ് സംഘാടക സമിതി രൂപീകരണത്തിലും, ഹജ്ജ് ട്രെയിനർമാരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചും വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടാകണം. തീർത്ഥാടകർക്ക് കുറ്റമറ്റ സൗകര്യം ഒരുക്കാനും മേൽനോട്ടത്തിനുമായി സൗദിയിലേക്ക് സംസ്ഥാന സർക്കാർ ഒരു നോഡൽ ഓഫീസറെ നിയോഗിക്കാൻ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Eng­lish Summary;Hajj 2023: Main camp at Karipur
You may also like this video

Exit mobile version