ഇന്ത്യയുടെ സൈനിക കരുത്ത് വര്‍ധിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയിൽ നിർണായക മാറ്റം. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാമിന്റെ അഞ്ച് പ്രോട്ടോടൈപ്പുകളുടെ നിർമ്മാണത്തിൽ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎല്‍) ഒഴിവാക്കി. 15,000 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി ഇനി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളാകും ഏറ്റെടുക്കുക.
ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരത് ഫോർജ് എന്നീ മൂന്ന് സ്വകാര്യ കമ്പനികളാണ് പദ്ധതിക്കായി ഇപ്പോൾ രംഗത്തുള്ളത്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് പദ്ധതി പൂർത്തിയാക്കാൻ തയ്യാറാകുന്ന കമ്പനിയെയാകും അന്തിമമായി തെരഞ്ഞെടുക്കുക. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് (ഡിആര്‍ഡിഒ) കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയുമായി (എഡിഎ) ചേർന്നാകും തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി പ്രവർത്തിക്കുക.
മത്സരത്തിലുള്ള കമ്പനികളിൽ ടാറ്റയ്ക്ക് വിമാന നിർമ്മാണത്തിൽ കൂടുതൽ പരിചയസമ്പത്തുണ്ട്. എയർബസുമായി ചേർന്ന് സി-295 ട്രാൻസ്പോർട്ട് വിമാനങ്ങളുടെ അസംബ്ലി ലൈൻ സ്ഥാപിച്ചത് ടാറ്റയുടെ വലിയ നേട്ടമാണ്.
ലാർസൻ ആൻഡ് ടൂബ്രോയും ഭാരത് ഫോർജും നിലവിൽ തേജസ് വിമാനങ്ങളുടെ വിവിധ ഭാഗങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളികളാണ്. കൂടാതെ വിദേശ കമ്പനികൾക്കായി ഫ്യൂസ്‌ലേജ്, ചിറകുകൾ എന്നിവ നിർമ്മിക്കുന്നതിലും ഇവർക്ക് വൈദഗ്ധ്യമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം എടുത്ത നയപരമായ തീരുമാനമാണ് യുദ്ധവിമാനരംഗത്തെക്കൂടി സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തത്. ഇതുവരെ എച്ച്എഎൽ മാത്രമായിരുന്നു യുദ്ധവിമാനങ്ങളുടെ പ്രധാന നിർമ്മാതാക്കൾ. സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തുന്നതിലൂടെ രാജ്യത്ത് രണ്ട് വ്യത്യസ്ത യുദ്ധവിമാന നിർമ്മാണ ലൈനുകൾ യാഥാർത്ഥ്യമാകും. എച്ച്എഎൽ ‘തേജസ്’ വിമാനങ്ങളുടെ ഉല്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സ്വകാര്യ കമ്പനികൾ അഞ്ചാം തലമുറ വിമാനങ്ങളുടെ നിർമ്മാണം ഏറ്റെടുക്കും.
ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയാണ് എഎംസിഎ വിമാനങ്ങളുടെ പ്രത്യേകത. ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് 2028-ഓടെ പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഭാവി കരുത്തായി മാറുന്ന ഈ പദ്ധതി ഇന്ത്യയെ ആഗോള പ്രതിരോധ നിർമ്മാണ ഹബ്ബാക്കി മാറ്റുന്നതിൽ നിർണ്ണായകമാകും. നാല് ആഴ്ചയ്ക്കുള്ളിൽ ലേല നടപടികൾ പൂർത്തിയാക്കി വിജയിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.

