Site iconSite icon Janayugom Online

ഹിജാബിന് പിന്നാലെ ഹലാല്‍; ആളിക്കത്തിക്കാന്‍ സംഘപരിവാര്‍

കര്‍ണാടകയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഹലാല്‍ മാംസ വിഷയം കത്തിച്ച് സംഘ്പരിവാര്‍ സംഘടനകള്‍.മുസ്‌ലിങ്ങള്‍ പരമ്പരാഗതമായി കഴിക്കുന്ന ഹലാല്‍ മാംസത്തിനെതിരായ പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. ശിവമോഗ ജില്ലയിലെ ഭദ്രാവതിയില്‍ ചിക്കന്‍ കടയില്‍ ഒരാളെയും റസ്‌റ്റോറന്റില്‍ വച്ച് മറ്റൊരാളെയും ആക്രമിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലും ഒരേ സംഘം തന്നെയാണ് പ്രതികളെന്ന് ഓള്‍ഡ് ടൗണ്‍ പൊലീസ് പറഞ്ഞു.

അഞ്ച് പേരടങ്ങുന്ന സംഘം ചിക്കന്‍ കടയിലെത്തി ഹലാല്‍ അല്ലാത്ത ഇറച്ചി ചോദിക്കുകയും നല്‍കാത്തതിനാല്‍ കട അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ തലയ്ക്ക് അടിയേറ്റു. ഇതേസംഘം തന്നെ ഓള്‍ഡ് ഭദ്രാവതി പ്രദേശത്തെ ഹോട്ടലിലെത്തി വീണ്ടും ഹലാല്‍ അല്ലാത്ത മാംസം ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു.

ഹലാല്‍ സാമ്പത്തിക ജിഹാദാണെന്നുള്ള ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയുടെ പ്രസ്താവനയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉയരാന്‍ തുടക്കമായത്. ഹിജാബ്, ഹലാല്‍ വിഷയങ്ങളിലൂടെ പരമാവധി പ്രകോപനം സൃഷ്ടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനും ബിജെപി ആലോചിക്കുന്നുണ്ട്. സംസ്ഥാനത്ത് മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന് ഹിന്ദു ജനജാഗ്രതിസമിതി, ശ്രീരാമ സേന, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകളെയാണ് നിയോഗിച്ചിട്ടുള്ളത്.

ഹലാല്‍ മാംസത്തിന്റേയും ഭക്ഷണത്തിന്റേയും വില്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവടക്കാരെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുക്കളുടെ കടകളിൽ നിന്ന് മാത്രം പലചരക്ക് സാധനങ്ങളും മാംസവും വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ സംസ്ഥാനത്ത് മുസ്‌ലിം വ്യാപാരികളെ ക്ഷേത്രപരിസരത്ത് വ്യാപാരം നടത്തുന്നതില്‍ നിന്നും വിലക്കിയ സംഭവങ്ങളുണ്ടായിരുന്നു. അതേസമയം വിഷയം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

Eng­lish Sum­ma­ry; Halal after hijab; Sangh Pari­var to light

You may like this video also

Exit mobile version