മദ്രസ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് മരണം. വിവിധ പ്രദേശങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹല്‍ദ്വാനിയിലെ സ്‌കൂളുകള്‍ അടച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. കലാപകാരികളെ കണ്ടാലുടന്‍ വെടിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ചുള്ള നിയമയുദ്ധം നടന്നുകൊണ്ടിരിക്കെയാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയും മദ്രസയും മുനിസിപ്പൽ കോർപറേഷൻ അധികൃതർ തകര്‍ത്തത്. ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനിടെ, മസ്ജിദ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച വാദം കേട്ടിരുന്നു.
കേസ് 14ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ധൃതിപിടിച്ച് കോർപ്പറേഷൻ അധികൃതർ പള്ളിയും മദ്രസയും പൊളിച്ചത്. ഇതിൽ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടം ബൻഭൂൽപുര പൊലീസ് സ്റ്റേഷൻ വളയുകയായിരുന്നു. പരിക്കേറ്റവരില്‍ നൂറോളം പേര്‍ പൊലീസുകാരാണ്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ട്രാൻസ്‌ഫോമറിന് തീയിട്ടതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിയില്ല. 95 ശതമാനത്തിലധികം മുസ്‌ലിംകൾ താമസിക്കുന്ന മേഖലയാണ് ഹല്‍ദ്വാനി. കഴിഞ്ഞവർഷം റെയിൽവേ വികസനത്തിന്റെ പേരിൽ ആയിരക്കണക്കിന് കുടുംബങ്ങളെ ഇവിടെ നിന്നും ഒഴിപ്പിക്കാനുള്ള നീക്കം സുപ്രിംകോടതി തടഞ്ഞിരുന്നു.
English Summary: Haldwani conflict: Five dead, 250 injured: Curfew announced
You may also like this video