Site icon Janayugom Online

അരനൂറ്റാണ്ടിന് ശേഷം സോവിയറ്റ് ബഹിരാകാശ പേടകം ഭൂമിയിലേക്ക്

അരനൂറ്റാണ്ടിന് മുമ്പ് സോവിയറ്റ് യൂണിയന്‍ ശുക്രനിലേക്ക് വിക്ഷേപിച്ച പേടകങ്ങളിലൊന്ന് നിശ്ചിത ഭ്രമണപഥം തെറ്റി ഭൂമിയിലേയ്ക്ക് തിരിച്ചെത്തുന്നു. കോസ്മോസ് 482 എന്ന പേടകമാണ് ഭൂമിയുടെ ആകര്‍ഷത്തില്‍ അകപ്പെട്ട് തിരികെ പതിക്കാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്നത്.

1972ല്‍ ശുക്രനിലേക്ക് വിക്ഷേപിച്ച കോസ്മോസ് 482 എന്ന പേടകം ഭൂമിയുടെ ഭ്രമണപഥത്തെ വിട്ട് പുറത്തേക്ക് പോകുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, അതിന്റെ ഭ്രമണപഥം 7700 കിലോമീറ്ററിലധികം താഴ്ന്നു. താമസിക്കാതെ ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

വിഭജനത്തിനു മുമ്പുള്ള സോവിയറ്റ് യൂണിയന്റെ വനീറ‑എട്ട് ദൗത്യത്തിന്റെ ഭാഗമായി അയച്ച ബഹിരാകാശ പേടകമാണിത്. ശുക്രനില്‍ ഇറങ്ങാനുള്ള ദൗത്യവുമായാണ് കോസ്മോസ് 482 വിക്ഷേപിക്കപ്പെട്ടത്.

ദൗത്യം പരാജയപ്പെട്ടതോടെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന കോസ്മോസ് മൂന്നുവര്‍ഷത്തിനുള്ളില്‍ ഭൗമാന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ശുക്രന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോകാന്‍ സാധിക്കും വിധം രൂപകല്പന ചെയ്തിട്ടുള്ളതായതിനാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലും പേടകത്തിന് സഞ്ചരിക്കാന്‍ കഴിയും.

വെനീറ‑എട്ട് ശുക്ര ദൗത്യം

കസാക്കിസ്ഥാനിലെ ബൈകോണൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് കോസ്മോസ് 482 വിക്ഷേപിക്കപ്പെട്ടത്. 1,180 കിലോഗ്രാമാണ് ഇതിന്റെ ഭാരം. വെനീറ‑എട്ട് എന്നായിരുന്നു ശുക്ര ദൗത്യത്തിന്റെ പേര്. ഭൂമിക്ക് ചുറ്റുമുള്ള ഉയര്‍ന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ കുടുങ്ങിയതിനെ അതിജീവിക്കാന്‍ ഇതിനു കഴിഞ്ഞില്ല. തുടര്‍ന്ന് ദൗത്യം പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോസ്മോസ് 482 എന്ന് പേരുമാറ്റിയത്.

വിക്ഷേപണദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ തെറ്റായി സജ്ജീകരിച്ച ടൈമറാണ് കോസ്‌മോസിന്റെ പരാജയത്തിന് കാരണമായത്. നിശ്ചിത ഭ്രമണപഥത്തിലെത്തുന്നതിന് മുമ്പ് ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ദൗത്യത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തേക്ക് നയിക്കാനുള്ള ഘട്ടം പൂര്‍ത്തിയാക്കാനായില്ല. വൈകാതെ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Eng­lish summary;Half a cen­tu­ry lat­er, the Sovi­et space­craft land­ing on earth

You may also like this video;

Exit mobile version