Site iconSite icon Janayugom Online

വയോധികയുടെ അക്കൗണ്ടില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു; ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അറസ്റ്റില്‍

വയോധികയില്‍ നിന്ന് ഒപ്പ് കൈക്കലാക്കി അരക്കോടി രൂപ തട്ടിയെടുത്തു. ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്കിന്‍റെ ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്, അൻവർ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായത്. 

സാവിത്രിയമ്മ(76) എന്ന പരാതിക്കാരിയുടേയും ഭർത്താവിന്റെയും ജോയിന്റ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിൽ മേഘ്ന ആയിരുന്നു ഇവരെ സഹായിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ വയോധികയുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ വിവരങ്ങളും മേഘ്ന കരസ്ഥമാക്കുകയായിരുന്നു. 2025 ജനുവരിയിൽ പരാതിക്കാരിയുടെ ബംഗളൂരുവിലെ വീട് വിറ്റതിന്റെ ഒരു കോടി രൂപ ഇവരുടെ അക്കൌണ്ടിൽ വന്നിരുന്നു. ഈ പണം എഫ്ഡി രൂപത്തിലിടാനെന്ന പേരിൽ ആർടിജിഎസ് രേഖകളിലും ബ്ലാങ്ക് ചെക്കിലും മേഘ്ന ഒപ്പിട്ട് വാങ്ങുകയായിരുന്നു. ശേഷം അക്കൌണ്ടിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു.

സാവിത്രിയമ്മയുടെ മകൻ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വലിയ രീതിയിലുള്ള സാമ്പത്തിക തിരിമറി പുറത്ത് വരുന്നത്. മകൻ ബാങ്കിലെത്തി തിരക്കിയപ്പോള്‍ വയോധിക നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നാണ് മേഘ്ന പ്രതികരിച്ചത്. പിന്നാലെ മകൻ വയോധികയോട് കാര്യങ്ങൾ തിരക്കിയതോടെയാണ് ബ്ലാങ്ക് ചെക്ക് അടക്കം ഒപ്പിട്ട് നൽകിയ വിവരം അറിയുന്നത്. ഇതിന് പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ബാങ്കിലെ ജീവനക്കാരിയെയും കാമുകനെയും സുഹൃത്തുക്കളെയും വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും അറസ്റ്റ് ചെയ്തു. മേഘ്നയെ കേരളത്തിൽ നിന്നും ശിവപ്രസാദിനെ ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്. 

Exit mobile version