Site iconSite icon Janayugom Online

ഹമാസ് ലൈംഗികാതിക്രമം നടത്തി; യുഎൻ റിപ്പോർട്ട്

ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ ലൈംഗിക പീഡനങ്ങളും ഉൾപ്പെടുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇസ്രയേലികള്‍ക്കെതിരെ ഹമാസ് ലെെംഗീക പീഡനം നടത്തിയെന്ന ആരോപണങ്ങള്‍ വിശ്വസനീയമാണെന്നാണ് യുഎൻ പ്രതിനിധി പ്രമീള പറ്റൻ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും പ്രമീള പറ്റൻ ഒമ്പത് പേരടങ്ങുന്ന സംഘവുമായി എത്തിയിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ സ്ത്രീകളിലും കുട്ടികളിലും ചിലർ ലൈംഗിക ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്നതിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്. അതിക്രമം നേരിട്ടെന്ന് ആരോപിക്കുന്നവരെയൊന്നും തങ്ങൾ നേരിൽ കണ്ടില്ലെന്നും ഇസ്രയേലി സ്ഥാപനങ്ങളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും മോചിപ്പിക്കപ്പെട്ട ബന്ദികളിൽ നിന്നുമാണ് വിവരം ശേഖരിച്ചതെന്നും പറ്റൻ പറഞ്ഞു. പൂർണമായും നഗ്നമായതോ അരയ്ക്കുകീഴെ അർധ നഗ്നമായതായോ ആയ നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തിയെന്നും സംഘം പറയുന്നുണ്ട്. ചില ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സംഘം കണ്ടെത്തി. 

വിഷയത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയാൻ പൂർണമായ അന്വേഷണം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ആക്രമണത്തിനിടയിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്ന ആരോപണം നേരത്തെതന്നെ ഹമാസ് നിഷേധിച്ചിരുന്നു. ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങളിൽ 1200 പേർ കൊല്ലപ്പെടുകയും 253 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രയേൽ ഗാസ മുനമ്പിൽ ആരംഭിച്ച ആക്രമണങ്ങളിൽ മുപ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ, ഹമാസുമായി ബന്ധപ്പെട്ട് ഉയർന്ന ബലാത്സംഗ ആരോപണങ്ങളിൽ യുഎൻ രക്ഷാ സമിതിയിൽ വിചാരണ നടത്താൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വിസമ്മതിച്ചതിനെ തുടർന്ന് തങ്ങളുടെ പ്രതിനിധിയെ ഇസ്രയേല്‍ തിരിച്ചുവിളിച്ചു. 

Eng­lish Summary:Hamas com­mit­ted sex­u­al assault; UN report
You may also like this video

Exit mobile version