Site iconSite icon Janayugom Online

രണ്ട് ബന്ദികളുടെ മൃതദേഹം കൂടി കൈമാറി ഹമാസ്; 15 പേരെ കണ്ടെത്തണം, തിരച്ചിൽ ഊർജിതമാക്കി റെഡ് ക്രോസ്

ഇസ്രായേൽ 24 മണിക്കൂറിനിടെ 100ൽ അധികം പേരെ കൊലപ്പെടുത്തിയതിനെത്തുടർന്ന് നിലനിന്ന അനിശ്ചിതത്വത്തിനിടെ, ഹമാസ് രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഇസ്രായേലിന് കൈമാറി. റെഡ് ക്രോസ് ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ പിന്നീട് ഇസ്രായേൽ സൈന്യത്തിനും തുടർന്ന് ബന്ധുക്കൾക്കും കൈമാറും. ജീവിനുള്ള ബന്ദികളെ ആദ്യദിവസം തന്നെ ഹമാസ് വിട്ടയച്ചിരുന്നു. ശേഷിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമായേക്കുമെന്ന കാര്യം ഹമാസ് മുൻകൂട്ടി ഇസ്രായേലിനെ അറിയിച്ചിരുന്നു. 

മൊത്തം 28 മൃതദേഹങ്ങളിൽ 13 എണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള 15 പേരെ കണ്ടെത്താൻ ഈജിപ്തും റെഡ് ക്രോസ് അന്താരാഷ്ട്ര സംഘവും ചേർന്ന് തിരച്ചിൽ തുടരുകയാണ്. വിദേശ സംഘങ്ങൾക്ക് ഗാസയിൽ പ്രവേശിച്ച് തിരച്ചിൽ നടത്താൻ ഇസ്രായേൽ ആദ്യമായാണ് അനുമതി നൽകുന്നത്. ഈജിപ്തിൽ നിന്ന് എത്തിച്ച മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കിയാണ് അന്വേഷണം. ഗാസയുടെ ഏകദേശം 84 ശതമാനവും ഇസ്രായേൽ ബോംബാക്രമണങ്ങളിൽ നശിച്ചതിനാൽ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാമെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.

Exit mobile version