Site iconSite icon Janayugom Online

ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ ആയുധം കെെമാറാം: ഹമാസ്

ഇസ്രയേൽ സൈന്യത്തിന്റെ അധിനിവേശം അവസാനിപ്പിക്കുക എന്ന വ്യവസ്ഥയിൽ പലസ്തീൻ അതോറിറ്റിക്ക് ആയുധം കെെമാറാന്‍ തയ്യാറാണെന്ന് ഹമാസ്. അധിനിവേശവും ആക്രമണവും നിലനില്‍ക്കുന്നതുവരെ ആയുധങ്ങളുമുണ്ടാകും. അധിനിവേശം അവസാനിച്ചാൽ, ഈ ആയുധങ്ങൾ ഭരണകൂടത്തിന്റെ അധികാരത്തിൻ കീഴിലാക്കുമെന്ന് ഹമാസിന്റെ മുഖ്യ പ്രതിനിധിയും ഗാസ മേധാവിയുമായ ഖലീൽ അൽ-ഹയ്യ പറഞ്ഞു. അതിർത്തികൾ നിരീക്ഷിക്കുന്നതിനും ഗാസയിലെ വെടിനിർത്തൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ചുമതലയുള്ള ഒരു വിഘടന സേനയായി യുഎന്‍ സേനയെ വിന്യസിക്കുന്നത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്വിരാഷ്ട്ര പരിഹാരം താൽക്കാലികം മാത്രമാണെന്നും പലസ്തീനികൾ “എല്ലാ പലസ്തീൻ ഭൂമികളിലുമുള്ള ചരിത്രപരമായ അവകാശം” നിലനിർത്തുന്നുവെന്നും ഹയ്യ മുൻകാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച 20 ഇന പദ്ധതി പ്രകാരം, ഹമാസ് നിരായുധീകരികരണത്തിന് തയ്യാറാകണമെന്നും ആയുധം ഉപേക്ഷിക്കുന്ന അംഗങ്ങൾക്ക് ഗാസ വിട്ടുപോകാൻ അനുവാദമുണ്ടെന്നും വ്യവസ്ഥയുണ്ട്. ഈ നിര്‍ദേശം ഹമാസ് നിരസിച്ചിട്ടുണ്ട്. ഒരു പരിവർത്തന ഭരണസമിതി, ബോർഡ് ഓഫ് പീസ് രൂപീകരിക്കൽ, ഗാസയിൽ ഒരു അന്താരാഷ്ട്ര സ്ഥിരത സേനയെ വിന്യസിക്കൽ എന്നിവയും പദ്ധതിയിൽ പരാമർശിക്കുന്നു.
അതേസമയം, ദുർബലമായ വെടിനിർത്തൽ കരാർ പൂർണമായും നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികളായി ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്നും ഒരു അന്താരാഷ്ട്ര സ്ഥിരത സേനയെ വിന്യസിക്കണമെന്നും ഖത്തറും ഈജിപ്തും ആവശ്യപ്പെട്ടു. 

ഇസ്രയേൽ സേനയെ പൂർണമായി പിൻവലിക്കുകയും ഗാസയിൽ സ്ഥിരത പുനഃസ്ഥാപിക്കുകയും ചെയ്തില്ലെങ്കിൽ വെടിനിർത്തൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പറഞ്ഞു. ഇസ്രായേൽ ഉൾപ്പെടെയുള്ള ഒരു കക്ഷി എല്ലാ ദിവസവും വെടിനിർത്തൽ ലംഘിക്കുന്നതിനാൽ, എത്രയും വേഗം അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിന്യസിക്കണമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടി പറഞ്ഞു.

Exit mobile version