Site iconSite icon Janayugom Online

യുദ്ധമവസാനിപ്പിക്കാനുള്ള ഹമാസ് നിര്‍ദേശം തള്ളി; നെതന്യാഹു സര്‍ക്കാരിനെതിര പ്രതിഷേധം

യുദ്ധം അവസാനിപ്പിക്കാനും തടവുകാരെ മോചിപ്പിക്കാനുമുള്ള ഹമാസിന്റെ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. ഹമാസിന്റെ കീഴടങ്ങല്‍ വ്യവസ്ഥകള്‍ പൂര്‍ണമായും നിരസിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. കരാര്‍ അംഗീകരിച്ചാല്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ ബന്ദികളുടെ മോചനം സംബന്ധിച്ച് ആഭ്യന്തര സമ്മര്‍ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ നടപടി. ബന്ദികളുടെ കുടുംബങ്ങള്‍ പ്രതിഷേധവുമായി നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു മുമ്പില്‍ ഒത്തുകൂടിയിരുന്നു. ബന്ദികളെ ബലിയർപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

അതേസമയം, നെതന്യാഹു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരാൻ നെതന്യാഹു സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള ലേബർ പാർട്ടിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ അവിശ്വാസപ്രമേയത്തിനായി ലേബർ പാർട്ടി നിർദേശം സമർപ്പിച്ചു.

നമ്മുടെ ആൺമക്കളെയും പെ­ൺമക്കളെയും 103 ദിവസമായി ഹമാസ് ബന്ദികൾ ആക്കിയിരിക്കുകയാണ്. അവർ യാതൊരു ശ്രമവും നടത്തുന്നില്ല. അവര്‍ക്ക് അതിന് സമയമില്ല. പക്ഷേ നമ്മുടെ കയ്യിൽ സമയമുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇടപെടലുകൾ നടത്താത്ത സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ബന്ദികളാക്കിയവർക്ക് മുൻതൂക്കം നൽകാത്ത ഗവൺമെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അവരെ ഭരണത്തിൽ നിന്ന് ഇറക്കി വിടണമെന്ന് ലേബർ പാർട്ടി എക്സിലൂടെ പറഞ്ഞു. 

മുൻ ഗതാഗത മന്ത്രിയായിരുന്ന മെറാവ് മൈക്കിലൂ നേതൃത്വം നൽകുന്ന ലേബർ പാർട്ടിക്ക് നെസറ്റിൽ നാല് സീറ്റുകളാണ് ഉള്ളത്.
നേരത്തെ ബജറ്റിനെ എതിർത്തുകൊണ്ട് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. 120 അംഗ പാർലമെന്റിൽ 24 സീറ്റാണ് പ്രതിപക്ഷ നേതാവ് യെയർ ലാപിടിന്റെ യെഷ് ആറ്റിഡ് പാർട്ടിക്ക് ഉള്ളത്. അവിശ്വാസപ്രമേയം പാസാകണമെങ്കിൽ 61 നെസറ്റ് അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണ്. നെതന്യാഹു നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരിന് 64 സീറ്റുകളുടെ ഭൂരിപക്ഷമാണുള്ളത്. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ജയിക്കാനുള്ള സാധ്യത കുറവാണ്.

Eng­lish Summary;Hamas rejects pro­pos­al to end war; Protest against the Netanyahu government
You may also like this video

Exit mobile version