Site icon Janayugom Online

‘ദൈവത്തിന്റെ കൈ’ ഗോളാക്കിയ പന്ത് ലേലത്തില്‍

അര്‍ജന്റീനന്‍ ഇതിഹാസ താരം ഡീഗോ മറഡോണ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ഗോള്‍ നേടിയ പന്ത് ലേലത്തില്‍ വരുന്നു. 1986 ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്റീന‑ഇംഗ്ലണ്ട് മത്സരം നിയന്ത്രിച്ച റഫറി അലി ബിന്‍ നാസറാണ് ചരിത്രത്തിന്റെ ഭാഗമായ പന്ത് ലേലത്തില്‍ വയ്ക്കുന്നത്. അര്‍ജന്റീന 2–1ന് ജയിച്ച മത്സരത്തില്‍ നാസറായിരുന്നു അന്നത്തെ ആ വിവാദ ഗോള്‍ അനുവദിച്ചത്. മൂന്ന് ദശലക്ഷം പൗണ്ട് (ഏകദേശം 28 കോടി രൂപ) ലേലത്തിലൂടെ സമാഹരിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷമാദ്യം മറഡോണയുടെ ജേഴ്‌സി ഏഴ് ദശലക്ഷം പൗണ്ടിന് ലേലത്തില്‍ പോയത് കണ്ട ശേഷമാണ് നാസര്‍ ഈ പന്ത് ലേലത്തിന് വയ്ക്കാന്‍ താരുമാനിച്ചത്. നവംബര്‍ 16ന് ലണ്ടനിലാണ് ലേലം നടക്കുക. ആ പന്ത് രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമാണ് എന്നാണ് പന്ത് ലേലത്തില്‍ വയ്ക്കാനുള്ള കാരണമായി അലി ബിന്‍ നാസര്‍ പറയുന്നത്. ലോകവുമായി ആ പന്ത് പങ്കുവയ്ക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു.

1986ലെ മെക്‌സിക്കോ ലോകകപ്പില്‍ ടൂര്‍ണമെന്റിലെ 42 റഫറിമാരില്‍ ഒരാളായിരുന്നു ഞാന്‍. യൂറോപ്യന്‍ റഫറിമാര്‍ക്ക് ലഭിക്കുന്നത് പോലെ അവസരം ആഫ്രിക്കന്‍ റഫറിമാര്‍ക്ക് ആ സമയം ലഭിച്ചിരുന്നില്ല, അലി ബിന്‍ നാസര്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജുമായി ജേഴ്‌സി കൈമാറിയിരുന്നു. ആ ജേഴ്‌സിയാണ് ഹോഡ്ജ് ഈ വര്‍ഷം മേയില്‍ ലേലത്തിനു വച്ചതും ഏഴ് ദശലക്ഷം പൗണ്ട് സമാഹരിച്ചതും.

Eng­lish Sum­ma­ry: Diego Maradon­a’s ‘Hand Of God’ Ball To Go Up For Auction
You may also like this video

Exit mobile version