Site iconSite icon Janayugom Online

ഹന്‍സ്ഖാലി ബലാത്സംഗക്കേസ്; മൃതദേഹം സംസ്കരിച്ചത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മൃതദേഹം തോക്കുചൂണ്ടി തട്ടിയെടുത്ത് സംസ്കരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാനൊരുങ്ങിയപ്പോഴും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പിതാവ് പറഞ്ഞു.

ചൊവ്വാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തിരുന്നു. ഇതിനിടെ പൊലീസിന് പരാതി നല്‍കാത്തതിനും മരണ സര്‍ട്ടിഫിക്കറ്റില്ലാതെ മൃതദേഹം സംസ്‌കരിച്ച്‌ തെളിവ് നശിപ്പിച്ചതിനും ഇരയുടെ പിതാവിനും അയല്‍ക്കാര്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാദിയ ജില്ലയിലെ ഹന്‍സ്ഖാലിയില്‍ ഏപ്രില്‍ നാലിന് ജന്മദിന പാര്‍ട്ടിക്കിടെയാണ് കൂട്ടബലാത്സംഗത്തിനിരയായി 14 കാരി മരിച്ചത്.

സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ മറവില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി അന്നു തന്നെ മരിച്ചിരുന്നു.

ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂല്‍ അംഗവും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമര്‍ ഗോലയുടെ മകന്‍ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.

രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കുറച്ചുപേര്‍ കൂടി നിരീക്ഷണത്തിലാണ്. തെളിവുകള്‍ നശിപ്പിച്ചതിനാണ് എഫ്‌ഐആറിലെ ഇരയുടെ പിതാവിനെയും ഉള്‍പ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; Han­skhali rape case; The body was cre­mat­ed and threat­ened at gunpoint

You may also like this video;

Exit mobile version