Site iconSite icon Janayugom Online

ഹനുമാന്‍ ചാലിസ വിവാദം; റാണാ ദമ്പതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിക്ക് മുന്നില്‍ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ എംഎല്‍എ‑എംപി ദമ്പതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇരുവരേയും 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.

അമരാവതി എം പി നവനീത് റാണയെയും ഭർത്താവും എംഎൽഎയുമായ രവി റാണയെയും മേയ് ആറു വരെയാണ് മുംബൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. റാണ ദമ്പതികള്‍ ജാമ്യാപേക്ഷ 29ന് പരിഗണിക്കും.

ശനിയാഴ്ച വൈകിട്ടാണ് ഇരുവരെയും ഖറിലെ വീട്ടിൽനിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ (ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ) വകുപ്പു പ്രകാരമായിരുന്നു അറസ്റ്റ്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു.

മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽനിന്നുള്ള സ്വതന്ത്ര ജനപ്രതിനിധികളാണ് ഇരുവരും. ഹനുമാൻ ചാലിസ ചൊല്ലാനുള്ള തീരുമാനത്തിനു പിന്നാലെ മുംബൈയിലെ ഇവരുടെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധം നടത്തി. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അതിനിടെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ ആരോപിച്ചു. ശനിയാഴ്ച രാത്രി റാണ ദമ്പതികളെ കാണാന്‍ പോയപ്പോഴാണ് മുംബൈയിലെ ഖാര്‍ പൊലീസ് സ്റ്റേഷന് പുറത്തുവെച്ച്‌ നൂറോളം ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും പൊലീസ് സംഭവത്തില്‍ ഇടപെട്ടില്ലെന്നും കിരിത് പറയുന്നു.

Eng­lish summary;Hanuman Chal­isa con­tro­ver­sy; Trea­son charge against Rana couple

You may also like this video;

Exit mobile version