Site icon Janayugom Online

ഹർ ഘർ തിരംഗ: ത്രിവര്‍ണമണിഞ്ഞു

Flag 2

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന് തുടക്കംകുറിച്ച് രാജ്യം ത്രിവര്‍ണശോഭയില്‍. ഹർ ഘർ തിരംഗയുടെ ഭാഗമായി രാജ്യമെങ്ങും ദേശീയ പതാകകള്‍ ഉയര്‍ന്നു. ഓഗസ്റ്റ് 15 വരെ എല്ലാ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും പതാകകൾ പാറിപ്പറക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വൈകിട്ട് ഏഴിന് രാജ്യത്തെ അഭിസംബോധന ചെയ്യും.
ഇതാദ്യമായാണ് ദേശീയ തലത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലഫ്റ്റനന്റ് ഗവർണർമാരുമാണ് ഏകോപിപ്പിക്കുക. ഇതിനോടകം ഒരു കോടിയിലധികം പേർ അവരുടെ വീട്ടിൽ പതാക ഉയർത്തിയ ഫോട്ടോ വെബ്സൈറ്റിൽ പോസ്റ്റ്ചെയ്തിട്ടുണ്ട്.
ദേശീയപതാകയിലെ നിറങ്ങളിലുള്ള വെളിച്ച അലങ്കാരങ്ങളും രാഷ്ട്രപതിഭവന്‍ ഉള്‍പ്പെടെയുള്ള ഭരണസിരാ കേന്ദ്രങ്ങളിലും ദേശീയ സ്മാരകങ്ങളിലും ഒരുക്കിയിട്ടുണ്ട്.
ഹൈദരാബാദിലെ ചാര്‍മിനാര്‍ ചരിത്ര സ്മാരകത്തിനു മുമ്പില്‍ മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തിരംഗ യാത്ര നടന്നു. ചാര്‍മിനാറും ഇന്ന് ത്രിവര്‍ണ വെളിച്ചങ്ങളാല്‍ അലങ്കരിച്ചിരുന്നു.
കര്‍ണാടകയിലെ ഹംപി, കശ്മീരിലെ മുബാറക്ക് മണ്ടി, ഇന്ത്യാഗേറ്റ് എന്നീ ചരിത്രസ്മാരകങ്ങളും ത്രിവര്‍ണമണിഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന തെലങ്കാനയിലെ രാമപ്പ ക്ഷേത്രവും ത്രിവര്‍ണാലംകൃതമായി.
നാളെ നടക്കുന്ന സ്വാതന്ത്ര്യപരേഡ‍ിന്റെ റിഹേഴ്സലും ഇന്ന് നടന്നു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പരമ്പരാഗത വസ്ത്രംധരിച്ച് എന്‍സിസി കേഡറ്റുകളും മൂന്ന് സേനകളിലെ ഉദ്യോഗസ്ഥരും ഫുൾ ഡ്രസ് റിഹേഴ്സല്‍ നടത്തി. സൈനിക ഹെലികോപ്റ്ററുകള്‍ പുഷ്പ വൃഷ്ടി നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ മോക്ക് ഡ്രില്ലും നടന്നു. 

Eng­lish Sum­ma­ry: Har Ghar Tiran­ga: India start­ed Inde­pen­dance day celebrations

You may like this video also

Exit mobile version