ഒരു ബാലികയടക്കം രണ്ട് പേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി മുൻകൂർ ജാമ്യാപേക്ഷയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. പ്രയാഗ്‌രാജിലെ ജുൻസി പൊലീസ് സ്റ്റേഷനിലാണ് സ്വാമിക്കെതിരെയും ശിഷ്യൻ മുകുന്ദാനന്ദ് ബ്രഹ്മചാരിക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുരുകുലത്തിലും പ്രയാഗ്‌രാജിൽ നടന്ന മാഘമേളയ്ക്കിടെയും ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതിക്കാരുടെ ആരോപണം. പരാതിയിൽ നടപടിയെടുക്കാൻ പോക്സോ കോടതി പൊലീസിന് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. രണ്ട് അജ്ഞാത വ്യക്തികളും കേസിൽ പ്രതികളാണ്.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച സ്വാമി അവിമുക്തേശ്വരാനന്ദ്, ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് വാരണാസിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരാതിക്കാരനും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രം പുറത്തുവിട്ട അദ്ദേഹം, പൊലീസ് ഉദ്യോഗസ്ഥൻ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചു. പശു സംരക്ഷണ ക്യാമ്പയിനിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരണാസി വികസന അതോറിറ്റി തന്റെ മഠത്തിൽ പരിശോധന നടത്തിയത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

