നടന്‍ ബാബുരാജിനെതിരായ യുവതി നല്‍കിയ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പരാതിക്കാരി നിലവില്‍ സ്ഥലത്തില്ല. ഉത്തരേന്ത്യയിലുള്ള പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
യുവതിയുടെ പരാതിയില്‍ അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇ‑മെയില്‍ വഴി സംസ്ഥാന പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കി. പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതി. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുക്കുകയായിരുന്നു. യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങളെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു. അതേസമയം പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബാബുരാജിന്റെ വാദം.