Site icon Janayugom Online

സ്ത്രീകളെ നഗ്നരായി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവം: പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഹർഭജൻ സിങ്

മണിപ്പൂരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഹർഭജൻ സിങ് പറഞ്ഞു.

സംഭവത്തിൽ എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാൽ, അത് വളരെ നിസ്സാരമായി പോകും. ‘രോഷം കൊണ്ട് മരവിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സംഭവത്തിൽ ഞാൻ ലജ്ജിക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വധശിക്ഷ നൽകുകയും ചെയ്തില്ലെങ്കിൽ, നമ്മൾ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതിൽ അർഥമില്ല. ഈ ദാരുണ സംഭവം എന്നെ ഏറെ വേദനിപ്പിക്കുന്നു. സർക്കാർ നടപടി സ്വീകരിക്കണം’ ‑ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് അക്രമികൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇന്‍റ‌ർനെറ്റിന് വിലക്കുള്ള മണിപ്പൂരില്‍ നിന്ന് അന്ന് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ രണ്ട് മാസത്തിനിപ്പുറം സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.

തൗബാല്‍ ജില്ലയിലെ നോങ്പോക് സെക്മെയ് എന്ന് സ്ഥലത്താണ് ഈ സംഭവം നടന്നത്. ഇരുപതും നാല്‍പ്പതും വയസ്സുള്ള രണ്ട് സ്ത്രീകളെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇതില്‍ ഒരാളെ ആള്‍ക്കൂട്ടം കൂട്ട ബലാത്സംഗം ചെയ്തുവെന്നും അവർ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും അക്രമികള്‍ കൊലപ്പെടുത്തിയെന്നും വിവരമുണ്ട്.

അതേസമയം സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ തീയിട്ടു. തൗബാല്‍ ജില്ലയിലെ ഹുയ്‌റേം ഹേരാദാസ് മെയ്തിയുടെ വീടാണ് വ്യാഴാഴ്ച കത്തിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Harb­ha­jan Singh wants ‘cap­i­tal pun­ish­ment’ for Manipur issue
You may also like this video

Exit mobile version