ഈ ആണ്‍കുട്ടികളുടെ കൂടെ കളിച്ചുനടന്നാല്‍ ഗര്‍ഭിണിയാകുമെന്ന് ഞാന്‍ വിചാരിച്ചില്ല എന്നു സങ്കടപ്പെടുന്ന ടെസ് എന്ന പെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്കതയ്ക്കു മുന്നില്‍ വായനക്കാര്‍ നിശബ്ദരായിപ്പോകും. ജനനം മുതല്‍ മരണം വരെ അവള്‍ പ്രണയത്തിനും അതു വച്ചുനീട്ടിയ ദുരന്തത്തിന്റെ അതി തീവ്രതയുമൊക്കെ ആ കഥാപാത്രത്തെ വിശ്വസാഹിത്യത്തില്‍ മഹനീയമാക്കുന്നു. ഏതു കൃതിയിലാണ് അവള്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നത്? തോമസ് ഹാര്‍ഡിയുടെ ടെസ്സ് ഓഫ് ദ ഡി അര്‍ബര്‍ വില്ലസ് എന്ന നോവലില്‍ ആ കൃതിയിലെ ടെസിനെ ജീവിതവേപഥുവില്‍ ഒരുക്കിയെടുത്ത ഹാര്‍ഡിയുടെ ജീവിതത്തിലേക്ക് ഒന്നു എത്തിനോക്കിയാലോ?
ഡോര്‍സെറ്റ് പ്രവിശ്യയിലെ അപ്പര്‍ബ്ലോക്ക് ഹംപ്ടണിലാണ് തോമസ് ഹാര്‍ഡി എന്ന എഴുത്തുകാരന്റെ ജനനം. കല്പണിക്കാരനായ പിതാവിന്റെ സംഗീതവാസന മകനില്‍ സന്നിവേശിച്ചെങ്കില്‍ അതില്‍ അത്ഭുതമെന്തിന്? കൗമാരം വിട്ടകലുമ്പോള്‍ ആ ചെറുക്കന്‍ ജോണ്‍ഹിക്ക്‌സ് എന്ന ആര്‍ക്കിടെക്ടിന്റെ കീഴില്‍ ഒരു അപ്രന്റീസായി ചേര്‍ന്നു. പള്ളി പണികളിലും അതുമിതുമായ മിനുക്കുപണികളിലുമായി ദിനരാത്രങ്ങല്‍ ധൃതിവച്ചു മുന്നേറുമ്പോള്‍ തോമസില്‍ സാഹിത്യചിന്തകളും പ്രവര്‍ത്തനങ്ങളും ഒച്ചവച്ചുണരുകയായി.
‘ഡെസ്പറേറ്റ് റെമഡീസ്’ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെ എഴുത്തിന്റെ പടവുകളില്‍ ചെന്നെത്തുകയായി ആ ചെറുപ്പക്കാരന്‍. അണ്ടര്‍ ദ ഗ്രീന്‍വുഡ് ട്രീയും മറ്റുചില കവിതകളും പുറത്തിറങ്ങിയതോടെ ഹാര്‍ഡിയില്‍ സാഹിത്യം പൊറുതി കേടാവുകയും മറ്റു പണികളൊക്കെ സ്വയം വേണ്ടെന്നുവയ്ക്കുകയും ചെയ്തു.
ഇരുപതാമത്തെ വയസില്‍ എമ്മാലാവിയെ വിവാഹം കഴിച്ചതിനു ശേഷം ലണ്ടനിലേക്ക് യാത്രതിരിച്ച് സാഹിത്യത്തിന്റെ മേച്ചില്‍പ്പുറങ്ങളിലുള്ള വിഹാരമായിരുന്നു ആ എഴുത്തുകാരന്റെ സ്വപ്നലയങ്ങള്‍.
കവിതകളിലൂടെയും നോവലുകളിലൂടെയും മുന്നോട്ടു പോകുമ്പോള്‍ ഏറെ ശ്രദ്ധേയമായ ഫാര്‍ ഫ്രം ദ മാഡിങ് ക്രൗഡ് എഴുതിത്തീര്‍ത്തു. അതിനു പ്രസാധകരെ കിട്ടാന്‍ ഏറെ പണിപ്പെട്ടെങ്കിലും പുസ്തകം പുറത്തുവന്നപ്പോള്‍ സാഹിത്യവേദിയില്‍ തന്റേതായ ഒരു സ്ഥാനം ഹാര്‍ഡിനു കിട്ടി.
സന്തോഷപ്രദമായ കുടുംബജീവിതത്തിന്റെ നേര്‍ത്ത പ്രവാഹത്തിനിടയില്‍ ഭാര്യയുടെ അകാല മരണത്തോടെ ആ എഴുത്തുകാരന്റെ ജീവിതം വല്ലാതെ ഉലഞ്ഞുതുടങ്ങി. അദ്ദേഹം അസന്തുഷ്ടനും ഏകാകിയുമായിത്തീര്‍ന്നു. എങ്കിലും വിജയകരമായ ഒരു ജീവിതം മുന്നോട്ടെടുക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു ഹാര്‍ഡി.
മനുഷ്യനെ നിരന്തരം വേട്ടയാടി അവനെ ദുരിതത്തിന്റെയും ദുരന്തത്തിന്റെയും അഗാധതയിലേക്ക് തള്ളിയിടുന്ന വിധിയെ — ആ വിധിയെ അപഗ്രഥിച്ച് എഴുതിയ നോവല്‍ — ‘ദ് മേയര്‍ ഓഫ് ദ കാസ്റ്റര്‍ ബ്രിഡ്ജ്’ ഹാര്‍ഡിയുടെ മാസ്റ്റര്‍പീസായി സാഹിത്യലോകം പരിഗണിച്ചു. വൈക്കോല്‍ കച്ചവടക്കാരനായ മൈക്കിള്‍ ഹെന്‍ചേര്‍ഡ് കുടിച്ചുകുടിച്ച് ബോധഹീനനായി ഒരു ചന്തവഴിയില്‍ വച്ച് ഭാര്യയേയും മകളേയും ഒരു നാവികനു വില്ക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യുന്നു. മെല്ലെ ഹെന്‍ചേര്‍ഡ് മേയറായി മാറുകയും ചെയ്യുന്നു. വിജയിക്കാനുള്ള സാധ്യതകളെ മുഴുവന്‍ ജീവിതത്തില്‍ നിന്നും അകറ്റിനിറുത്തിക്കൊണ്ട് അയാള്‍ അധഃപതനത്തിലെത്തി ദയനീയമായി മരിക്കുമ്പോള്‍ വായനക്കാര്‍ തീര്‍ച്ചയായും ഒന്നു ഞെട്ടാതിരിക്കില്ല. ആ കഥാപാത്രത്തിന്റെ ദുരന്തം പലരുടെയും ഉറക്കം കെടുത്തുകയും വല്ലാത്തൊരു ജീവിതാവബോധം ഉണര്‍ത്തുകയും ചെയ്യുന്നു.
ബ്ലാക്മൂര്‍ വെയിലിലെ ശുദ്ധനായ ഒരു ഗ്രാമീണ കൃഷീവലന്റെ മകളായ ആ പാല്‍ക്കാരി പെണ്‍കൊടി ടെസോ… മാതാപിതാക്കള്‍ക്ക് പണക്കാരാകാനും സന്തോഷചിത്തരാകാനും വേണ്ടി അവര്‍ കൗമാര സുന്ദരിയായ ടെസിനെ ഒരകന്ന ബന്ധുവായ അര്‍ബര്‍ വിലസ് ദനമ്പതികളുടെ വീട്ടിലേക്കയക്കുന്നു. അവരുടെ മകനായ അലക് എന്ന ചെറുപ്പക്കാരന്റെ വിവാഹാഭ്യര്‍ത്ഥനയിലും കളിചിരി തമാശയിലും കുടുങ്ങി ടെസ്സ് ഗര്‍ഭിണിയാവുകയും ആ വീട്ടില്‍ നിന്നും പുറത്താവുകയും ചെയ്യുന്നു. അപമാനഭാരത്തോടെ അവള്‍ സ്വവീട്ടിലേക്ക് വരുമ്പോള്‍ മാതാപിതാക്കളുടെ മുന്നില്‍ ബുദ്ധികെട്ടവളായി മാറുന്നു. ഇടയ്ക്ക് അവള്‍ പ്രസവിക്കുകയും ചെയ്യുന്നു. ജീവിതം വല്ലാതെ അപമാന ഭാരംകൊണ്ടും നിവൃത്തികേടുകൊണ്ടും പട്ടിണികൊണ്ടും അവളെ ബുദ്ധിമുട്ടിക്കവേ എങ്ങനയോ അവളുടെ കുഞ്ഞു മരിക്കുന്നു. അതും അവളില്‍ വല്ലാത്ത ഒരു സങ്കട സമസ്യയായി മാറുന്നു. ജീവിതം വല്ലാതെ ഭാരപ്പെട്ടപ്പോള്‍ മറ്റു വീടുകളില്‍ അല്ലറചില്ലറ പണിക്കുപോയ ടെസ്സ് അവിചാരിതമായി കണ്ടുമുട്ടിയ എയ്ഞ്ചലില്‍ മനസുചേര്‍ത്തെങ്കിലും ആലോചനാ തീവ്രതയില്‍ സ്വയം ഒഴിഞ്ഞുമാറാന്‍ തുടങ്ങി. എയ്ഞ്ചലിനു ഇഷ്ടം തോന്നിയപ്പോള്‍ വിവാഹവേദിയിലേക്ക് ടെസിനെ അയാള്‍ ക്ഷണിച്ചു. ഒരു സുഗമമായ ജീവിതത്തിനു വഴിയൊരുങ്ങിയപ്പോള്‍ അവള്‍ തന്റെ ഇന്നലെകളെ മലര്‍ക്കെ തുറന്നപ്പോള്‍ അയാള്‍ പിന്മാറി. കൊണ്ടും കൊടുത്തും അങ്ങനെ വിധിക്കു കീഴടങ്ങിയ ആ പാവം പെണ്ണ് പഴയ അലകിനെ കണ്ടുമുട്ടിയതോടെ സംഭവങ്ങള്‍ ആകെ തകിടം മറിയുകയായിരുന്നു. ഏതോ സഹതാപതരംഗത്തിനിടയില്‍ അയാള്‍ വിവാഹം കഴിച്ചെങ്കിലും എയ്ഞ്ചല്‍ കടന്നുവരുന്നു. അത് അലകിനെ ബുദ്ധിമുട്ടിച്ചു. അയാളില്‍ ആധിയും സംശയവുമായി. മെല്ലെ ക്രൂരനുമായി. സഹികെട്ട ടെസ്സ് അയാളെ കുത്തിക്കൊല്ലുന്നു. ഉടന്‍ വീടുവിട്ടിറങ്ങുകയാണ് എയ്ഞ്ചലിനെയും അന്വേഷിച്ചുകൊണ്ട്. എയ്ഞ്ചല്‍ ആ പാവത്തിനെ വിവാഹം കഴിച്ച് ജീവിതം തുന്നിക്കൂട്ടുമ്പോള്‍ നിയമം അതാ വിധിയുടെ കര്‍ക്കശതയുമായി ടെസിന്റെ മുന്‍പിലെത്തിയിരിക്കുന്നു. കൊലപാതകിയെ അറസ്റ്റു ചെയ്തു. ജയിലിലേക്കു പോകുന്നതിനു മുമ്പ് തന്റെ അവസാനത്തെ ആഗ്രഹം അവള്‍ എയ്ഞ്ചലിനെ ബോധ്യപ്പെടുത്തി. ആരുമില്ലാത്ത തന്റെ അനിയത്തിയെ സ്വീകരിക്കണമെന്നും അവള്‍ക്ക് ഒരു ജീവിതം കൊടുക്കണമെന്നും.
എന്തൊരു ദുരന്തമായിരുന്നു ടെസ് അനുഭവിച്ചു തീര്‍ത്തത്. തന്റെ കൊച്ചുപ്രായത്തില്‍ ജീവിതയാത്രയില്‍ ഒട്ടേറെ കണ്ടും കേട്ടും സ്വയം നെഞ്ചിലേറ്റിയതുമായ അനുഭവങ്ങളെ ഓമനിച്ചുകൂട്ടിയ ഹാര്‍ഡിക്ക് ടെസിനു കൊടുക്കാനും ദുഃഖദുരിതങ്ങളല്ലേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ വിശ്വസാഹിത്യത്തിന്റെ വിഹായസില്‍ ടെസ് വായനക്കാര്‍ക്ക് കണ്ണീര്‍ നനവ് പകര്‍ന്നുകൊണ്ടേയിരിക്കുന്നു.
എണ്‍പത്തിയെട്ടാം വയസില്‍ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞ തോമസ് ഹാര്‍ഡിയെ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ സംസ്‌കരിക്കുമ്പോള്‍ രാഷ്ട്രം പ്രത്യേകമായ പ്രണാമം അര്‍പ്പിക്കുകയായിരുന്നു. അനശ്വരനായ ഒരെഴുത്തുകാരന്‍ എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിച്ചിരുന്നത്.