പൊക്കമില്ലായ്മയെ പരിഹസിച്ചവര്‍ക്കുമുന്നില്‍ കഷ്ടപ്പെട്ട് എത്തിപ്പിടിച്ച നേട്ടവുമായി ഹരിദാസ് ഇനി ലോകമത്സരത്തിലേക്ക്. നാലടി മാത്രമുള്ള ഹരിദാസ് തന്റെ ശാരീരിക വ്യതിയാനങ്ങളെ മറികടന്ന് പാരാബോഡി ബിൽഡിങ്ങിൽ നേടിയ മിസ്റ്റർ ഇന്ത്യ പട്ടവുമായി മിസ്റ്റര്‍ വേള്‍ഡ് ആകാനുള്ള ഒരുക്കത്തിലാണ്.
ചെറുപ്പം മുതൽ ഉയറക്കുറവ് കൊണ്ടു ഒഴിവാക്കലുകൾ നേരിട്ടിരുന്ന തൃശൂർ പൂങ്കുന്നം ജയപ്രകാശ് ലെയ്നിൽ അരങ്ങത്ത് വീട്ടിൽ ഹരിദാസിന്റെ ജീവിതത്തിൽ വഴിത്തിരിവായത് നടൻ സൂര്യയുടെ ഗജിനി എന്ന സിനിമയാണ്. സിനിമ കണ്ടതുമുതല്‍ സൂര്യയുടേതുപോലെ ഒത്തൊരു ശരീരം ഉണ്ടാക്കിയെടുക്കണമെന്ന ആഗ്രഹത്തിന് ഹരിദാസിന്റെ മനസിൽ ചിറക് മുളച്ചു. ഇതറിഞ്ഞ നാട്ടുകാരും ബന്ധുക്കളും ഹരിദാസിനെ പരിഹസിച്ചുവെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുവാനായിരുന്നു ഈ ചെറുപ്പക്കാരന്റെ തീരുമാനം.
ഒളരി ആസ്പയർ ജിമ്മിലെ പരിശീലകൻ വിഷ്ണു വി പ്രദീപിനെയാണ് ആദ്യം ഗുരുവായി കിട്ടിയത്. ഹരിദാസിന്റെ ആഗ്രഹത്തിന് പൂർണ പിന്തുണ നൽകി വിഷ്ണു ഒപ്പം നിന്നു. ആദ്യമൊക്കെ പരിശീലനം വലിയ ബുദ്ധിമുട്ടായിരുന്നു. ഉയരത്തിലുള്ള ബാർ പുൾ അപ് വ്യായാമത്തിനു മുന്നിൽ പലതവണ പരാജയപ്പെട്ടു. ഒടുവിൽ ആശാൻ ഹരിദാസിനെ എടുത്തുയർത്തി ബാറിൽ പിടിപ്പിച്ചു തുടങ്ങി. പിന്നീട് പുൾ അപ്പിന്റെ എണ്ണം കൂടി. ബെഞ്ച് പ്രസ്, ക്രോസ് ഓവർ, 20 കിലോവരെയുള്ള ഡംബൽ, 200 കിലോ വരെയുള്ള വെയ്റ്റ് ട്രെയിനിങ്. 2017 മുതൽ പാരാബോഡി ബിൽഡിങ്ങിൽ ഇറങ്ങി. ആദ്യം മിസ്റ്റര്‍ തൃശൂരും പിന്നീട് മിസ്റ്റര്‍ കേരളയുമായെങ്കിലും 2018, 2019 വര്‍ഷങ്ങളില്‍ മിസ്റ്റര്‍ ഇന്ത്യയെന്ന കടമ്പയില്‍ പരാജയം നേരിട്ടു. കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യാ പട്ടം അടിച്ചതോടെ മുൻപ് പരിഹസിച്ചവര്‍ക്കുമുന്നില്‍ ഈ മുപ്പതുകാരന്‍ ഹീറോയായി മാറി. നിലവില്‍ ഒക്ടോബറില്‍ നടക്കുന്ന മിസ്റ്റര്‍ വേള്‍ഡ് മത്സരത്തിനായുള്ള കഠിന പ്രയത്നത്തിലാണ് ഹരിദാസ്.
ഡ്രൈവറായ അച്ഛൻ രവിക്കും അമ്മ ഓമനയ്ക്കും മകന്റെ നേട്ടത്തിൽ അഭിമാനമാണുള്ളത്. പ്രോത്സാഹനവുമായി ഭാര്യ അഞ്ജനയും ഒരുവയസുകാരി മകൾ അനാമികയും ഒപ്പമുണ്ട്. ശാരീരിക ഭിന്നതകളെ കഠിന പരിശ്രമം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മറികടക്കുന്ന ഹരിദാസ് വ്യായാമം പരിശീലിച്ച അതേ ജിമ്മിൽ ട്രെയിനറായി അറുപതിലേറെപ്പേരെ പരിശീലിപ്പിക്കുന്നുണ്ട്. ബോഡി ബില്‍ഡിങ്ങുമായി മുന്നോട്ടുപോകുമ്പോഴും തന്റെ കൊച്ചുകുടുംബത്തിന് ഒരു സ്ഥിരവരുമാനം ഉറപ്പാക്കാനായി സര്‍ക്കാര്‍ ജോലിക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണ് ഈ ചെറുപ്പക്കാരന്‍.
English Summary:Haridas TO world sports
You may also like this video