അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റ മൃതദേഹം റീപോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. പാരമ്പര്യ വൈദ്യനെ കൊന്ന നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്റഫാണ് ഇയാളുടെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിനെയും കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് റീ പോസ്റ്റ്മോര്‍ട്ടം.
ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ്ല്‍ രണ്ടു വര്‍ഷം മുന്‍പ് ഖബറടക്കിയ മൃതദേഹം പൊലീസും ഫോറന്‍സിക് സംഘവും ചേര്‍ന്ന് പുറത്തെടുത്തു. പള്ളി അങ്കണത്തില്‍ വച്ച് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വിദേശത്ത് നിന്നും എമ്പാം ചെയ്തു വന്ന മൃതശരീരം വിശദമായ പരിശോധനയ്ക്ക് ആശുപത്രിയിലക്ക് കൊണ്ടു പോകണമെന്ന്, ഫോറന്‍സിക് മേധാവി നിലപാട് എടുത്തു. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
ഷൈബിൻ അഷ്റഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളിയായിരിക്കെയാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2020 മാർച്ച് അഞ്ചിനാണ് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയിൽ തത്തമ്മപറമ്പിൽ ഹാരിസ്, ഇയാളുടെ മാനേജർ ചാലക്കുടി സ്വദേശി ഡാൻസി ആന്റണി എന്നിവരെ അബുദാബിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്ന ശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തെന്നാണ് അന്ന് ഷൈബിൻ പറത്തിരുന്നു. മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ നിലമ്പൂരിലെ വീട്ടിൽ മാസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈബിൻ അഷ്റഫ്.
English Summary: haris dead body shifted to kozhikode medical college
You may also like this video