Site iconSite icon Janayugom Online

ഹര്‍ജോത് സിങ് നാട്ടിലെത്തി

കീവില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഹര്‍ജോത് സിങ്ങിനെ നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെയാണ് ഹര്‍ജോതിനെ ഇന്ത്യന്‍ എംബസിയുടെ വാഹനത്തില്‍ ഉക്രെയ്‌നില്‍ നിന്ന് പോളണ്ടിലെത്തിച്ചത്. തുടര്‍ന്ന് വ്യോമസേനയുടെ വിമാനത്തില്‍ ഹര്‍ജോതിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. ശക്തമായ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്ന കീവില്‍ നിന്ന് ഹര്‍ജോതിനെ രക്ഷപ്പെടുത്തി എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ച ഇന്ത്യന്‍ എംബസിയുടെ ഡ്രൈവറെ എംബസി അഭിനന്ദിച്ചു.

ഷെല്ലിങ്ങുകള്‍ തുടരുന്നതിനിടെ അപകടകരമായ സാഹചര്യമുള്ള മേഖലയിലൂടെയാണ് 700 കിലോമീറ്റര്‍ ദൂരം ആംബുലന്‍സ് യാത്ര ചെയ്തത്. ഇന്ധനത്തിന്റെ അപര്യാപ്തതയും റോഡുകള്‍ തകര്‍ന്നതും ഗതാഗതക്കുരുക്കുമെല്ലാം മറികടന്നാണ് അദ്ദേഹം ദൗത്യം വിജയകരമായി നിര്‍വഹിച്ചതെന്നും എംബസി ട്വീറ്റ് ചെയ്തു.

കീവില്‍ നിന്ന് ലിവീവിലേക്ക് സുഹൃത്തുക്കളോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഫെബ്രുവരി 27ന് ഹര്‍ജോതിന് വെടിയേറ്റത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ഒരു സംഘത്തിന്റെ ആക്രമണത്തില്‍ നാല് തവണയാണ് 31കാരനായ ഹര്‍ജോതിന് വെടിയേറ്റത്. ഐടി വിദഗ്ധനായ ഹര്‍ജോത് ഡല്‍ഹി ഛത്തര്‍പുര്‍ സ്വദേശിയാണ്. ഉപരിപഠനത്തിനായാണ് യുവാവ് ഉക്രെയ്‌നിലെത്തിയത്.

eng­lish summary;Harjot Singh returned home

you may also like this video;

Exit mobile version