Site icon Janayugom Online

ഹര്‍ക്കത്ത് 313 ഭീകരവാദികള്‍ കശ്മീരിൽ കടന്നതായി ഇന്റലിജൻസ്: പാംപോറിൽ ഏറ്റുമുട്ടൽ തുടരുന്നു

Kashmir

രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തി പുതിയൊരു ഭീകരസംഘടനയായ ഹര്‍ക്കത്ത് 313 ലെ വിദേശ ഭീകരവാദികള്‍ കശ്മീര്‍ താഴ്‌വരയില്‍ കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇവര്‍ കശ്മീര്‍ താഴ്‌വരയിലെ ക്രമസമാധാന നില തകര്‍ക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലക്ഷ്യം വച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടർന്ന് സുരക്ഷ ശക്തമാക്കി. ജലവൈദ്യുത പദ്ധതികള്‍, വിമാനത്താവളം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
’ ഈ സംഘത്തില്‍ വിദേശ ഭീകരര്‍ മാത്രമാണുള്ളത് എന്നത് മാത്രമാണ് അവരെക്കുറിച്ച് ഈ ഘട്ടത്തില്‍ നമുക്കറിയാവുന്നത്.’ താഴ്‌വരയിലേക്ക് പാകിസ്ഥാന്‍ ഭീകരരെ അയക്കുന്ന ലഷ്‌കര്‍-ഇ‑തോയ്ബയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുകമറയാണോ ഈ സംഘടന എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ഈ പുതിയ ഗ്രൂപ്പിന്റെ രംഗപ്രവേശനമെന്നുള്ളതും ശ്രദ്ധേയമാണ്.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 28ന് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്ത് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന നിരവധി സുരക്ഷാ അവലോകന യോഗങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്നിരുന്നു. ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാക് ശ്രമം തടയാന്‍ ബിഎസ്എഫും സൈന്യവും അതീവ ജാഗ്രതയിലാണ്.
അതേസമയം ജമ്മു കശ്മീരിലെ പാംപോറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ വൈകിയും തുടരുകയാണ് . ലഷ്‍കര്‍ ഇ ത്വയിബ കമാൻഡർ ഉമർ മുഷ്താഖിനെ സൈന്യം വളഞ്ഞതായി സൂചനയുണ്ട്. ഉമർ മുഷ്താഖ് ഉള്‍പ്പെടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശമാണ് സൈന്യം വളഞ്ഞിരിക്കുന്നത്.
ശ്രീനഗറിലും പുല്‍വാമയിലുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശവാസികള്‍‌ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് എന്ന ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗറിലെ ബെമീനയയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അർഷിദ് ഫറൂഖിന്റെ കൊലപാതകത്തിന് പിന്നിലുള്ള ഭീകരനെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ഏഴ് സൈനികരാണ് വീരമൃത്യു വരിച്ചത്‌.

 

Eng­lish Sum­ma­ry: Harkat: 313 ter­ror­ists have entered Kash­mir: Intel­li­gence: Clash­es con­tin­ue in Pampore

 

You may like this video also

Exit mobile version